
കൊച്ചി: നീണ്ട നാളത്തെ അനിശ്ചിതത്വങ്ങെള്‍ക്കൊടുവില്‍ ഐഎസ്എല്‍ മത്സരങ്ങള്‍ ആരംഭിക്കാനൊരുങ്ങുമ്പോള്‍ കേരളത്തിന്റെ കൊമ്പന്മാര്‍ക്കായി മഞ്ഞക്കടലിരമ്പം തീര്‍ക്കുന്നത് ഇക്കുറിയും കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ സ്റ്റേഡിയം തന്നെ. കോഴിക്കോടേക്കുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ കൂടുമാറ്റം ഇപ്പോള്‍ ഉണ്ടാകില്ല. മത്സരങ്ങള്‍ കൊച്ചിയില്‍ വേണമെന്ന് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ താല്‍പര്യമറിയിച്ചെന്നും കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം വിട്ടുകൊടുക്കാന്‍ സമ്മതമെന്നും ജിസിഡിഎ അറിയിച്ചു.
സൗജന്യമായിട്ടായിരിക്കില്ല സ്റ്റേഡിയം വിട്ടുകൊടുക്കുക. എന്നാല്‍ അമിത നിരക്ക് ഈടാക്കുകയില്ല. മത്സരങ്ങള്‍ കൊച്ചിയില്‍ നിലനിര്‍ത്താന്‍ വിട്ടുവീഴ്ചകള്‍ക്ക് ഒരുക്കമെന്നും ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള പറഞ്ഞു. സ്റ്റേഡിയത്തില്‍ അറ്റകുറ്റപണികള്‍ നടന്നുവരികയാണ്. ഐഎസ്എല്‍ തുടങ്ങും മുന്‍പ് ഇതെല്ലാം തീര്‍ക്കുമെന്നും ജിസിഡിഎ അറിയിച്ചു. ഫെബ്രുവരി 14ന് തുടങ്ങുന്ന ഐഎസ്എല്ലില്‍ 22നാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം.







