ശബരിമലയിലെ അന്നദാനത്തില്‍ ക്രമക്കേട്; ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയും ഭാര്യയുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടി

0
55

പത്തനംതിട്ട: ശബരിമല നിലയ്ക്കലിലെ അന്നദാനത്തിന്റെ മറവില്‍ ക്രമക്കേട് നടത്തിയെന്ന കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജെ.ജയപ്രകാശ്, ഭാര്യ ശ്രീജ എന്നിവരുടെ പേരില്‍ കൊല്ലം ജില്ലയിലുള്ള വസ്തുവകകളാണ് കണ്ടുകെട്ടിയത്. ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് നിലയ്ക്കലിലെ അന്നദാനത്തിന്റെ മറവില്‍ ലക്ഷക്കണക്കിന് രൂപ ക്രമക്കേട് നടത്തിയെന്നാണ് കേസ്. അന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന ജയപ്രകാശ് ഇന്ന് ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറാണ്.

ഇരുവരുടെയും 40.48 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് ഇ.ഡി താത്കാലികമായി കണ്ടുകെട്ടിയത്. 2018-2019 മണ്ഡല മകരവിളക്ക് കാലയളവിലാണ് തട്ടിപ്പുകള്‍ നടന്നത്. ഭക്ഷണ വിതരണത്തിന്റെ മറവില്‍ വ്യാജ ബില്ലുകളും ഇന്‍വോയ്സുകളും ചമച്ച് ദേവസ്വം ഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണ് കേസ്. പച്ചക്കറികളും മറ്റ് അവശ്യസാധനങ്ങളും വാങ്ങിയെന്ന പേരില്‍ വ്യാജ ബില്ലുകള്‍ സമര്‍പ്പിച്ച് ദേവസ്വം ഫണ്ടില്‍ നിന്ന് 59,98,028 രൂപ തട്ടിയെടുത്തു എന്നാണ് കണ്ടെത്തല്‍. ഇതില്‍ 8,20,935 രൂപ രൂപ കരാറുകാരായ ജെ.പി ട്രേഡേഴ്‌സിന് നല്‍കി. ബാക്കി 51,77,194 രൂപ മറ്റു പ്രതികളുടെ കൂടി സഹായത്തോടെ തട്ടിയെടുത്തു എന്നാണ് ഇ.ഡി കണ്ടെത്തല്‍. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ.ഡി നടപടി സ്വീകരിച്ചിരിക്കുന്നത്.

സംഭവത്തില്‍ വിജിലന്‍സ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഇ.ഡിയുടെ നടപടി. നിലയ്ക്കല്‍ അന്നദാന ക്രമക്കേടിലെ പ്രതികളില്‍ ചിലര്‍ക്ക് ശബരിമല സ്വര്‍ണ്ണതട്ടിപ്പ് കേസിലും പങ്കുണ്ടെന്ന് ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. സുധീഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം തട്ടിപ്പുകളില്‍ ഭാഗമാണെന്നാണ് വിവരം. ശബരിമലയുമായി ബന്ധപ്പെട്ട് മറ്റ് പല ക്രമക്കേടുകളും നടന്നിട്ടുണ്ടെന്നും ആ കാര്യങ്ങളില്‍ വിപുലമായ അന്വേഷണം ഉണ്ടാകുമെന്നും ഇ.ഡി വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിലെ ക്രമക്കേടുകള്‍ ഓരോന്നായി പരിശോധിച്ച് ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here