
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിവസങ്ങള്‍ മാത്രമെന്ന നിര്‍ദ്ദേശം തത്വത്തില്‍ അംഗീകരിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍. ചീഫ് സെക്രട്ടറി വിളിച്ച ഓണ്‍ലൈന്‍ യോഗത്തിലായിരുന്നു സംഘടനാ പ്രതിനിധികള്‍ നിലപാട് വ്യക്തമാക്കിയത്. പ്രതിദിന പ്രവര്‍ത്തി സമയം കൂട്ടുന്ന കാര്യത്തിലും എതിര്‍പ്പുണ്ടായില്ല. എന്നാല്‍ പൊതു അവധികളും കാഷ്വല്‍ ലീവുകളും ചുരുക്കുന്ന കാര്യത്തില്‍ സംഘടനാ പ്രതിനിധികള്‍ കടുത്ത എതിര്‍പ്പ് അറിയിച്ചു.
പ്രത്യേക ജോലി സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെ കാര്യത്തില്‍ പ്രത്യേക തീരുമാനം വേണമെന്നും ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ അഭിപ്രായമുണ്ടായി. അവധി അടക്കമുള്ള കാര്യങ്ങളില്‍ ആവശ്യമെങ്കില്‍ തുടര്‍ ചര്‍ച്ചയാകാമെന്ന് യോഗത്തില്‍ ചീഫ് സെക്രട്ടറി അറിയിച്ചു.







