ജനസംഖ്യ 45 ലക്ഷം; മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം; സമസ്ത പ്രമേയം പാസാക്കി

0
76

കാസര്‍ഗോഡ്: ജനസംഖ്യാടിസ്ഥാനത്തില്‍ മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത സമ്മേളനത്തില്‍ പ്രമേയം പാസാക്കി. 45 ലക്ഷമാണ് മലപ്പുറം ജില്ലയിലെ ജനങ്ങളുടെ എണ്ണം. ഇതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. പുതിയ ജില്ലാ രൂപീകരണം അത്യന്താപേക്ഷിതമാണെന്നും പ്രമേയത്തില്‍ സമസ്ത ആവശ്യപ്പെട്ടു. കാസര്‍ഗോഡ് കുണിയയില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.

ഭൂപ്രകൃതി യാത്രാക്ലേശം എന്നീ ഘടകങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും അത്തരം പ്രശ്‌നങ്ങളുണ്ടെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ജില്ലാ പുനര്‍നിര്‍ണയത്തിനായി ശാസ്ത്രീയ പഠനങ്ങള്‍ നടത്തണമെന്നും സമസ്ത ആവശ്യപ്പെട്ടിട്ടുണ്ട്. ഉമര്‍ ഫൈസി മുക്കമാണ് സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചത്. കേരളത്തിന്റെ വര്‍ധിച്ചുവരുന്ന ജനസംഖ്യയും ഭരണനിര്‍വഹണത്തിലെ വെല്ലുവിളികളും പരിഗണിച്ച് ജില്ലകളുടെ പുനര്‍നിര്‍ണയം അനിവാര്യമായിരിക്കുകയാണെന്ന് പ്രമേയത്തില്‍ പറയുന്നു.

പുതിയ ജില്ലകള്‍ വരുന്നതോടെ സിവില്‍ സ്റ്റേഷനുകളും ആശുപത്രികളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ അടുക്കുകയും പിന്നാക്ക പ്രദേശങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അത് വേഗത കൂട്ടുകയും ചെയ്യും. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കപ്പുറം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലകളുടെ പുനര്‍നിര്‍ണയം യാഥാര്‍ത്ഥ്യമാക്കാന്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒത്തൊരുമിച്ച് രംഗത്തിറങ്ങണമെന്ന് സമസ്ത ആവശ്യപ്പെട്ടു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here