
തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിനെതിരെ സര്‍വകലാശാല ആസ്ഥാനത്ത് പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം. പ്രതിഷേധം കടുത്തതോടെ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ അശ്വിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് വാഹനം തടഞ്ഞ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മാറ്റി. സര്‍വകലാശാല കലോത്സവം നടത്താന്‍ അനുവദിക്കാത്ത, കായിക വിദ്യാര്‍ഥികള്‍ക്ക് ടിഎ നല്‍കാത്ത വിസിയുടെ നിലപാടിനെതിരെയാണ് എസ്എഫ്‌ഐ സമരം.
രാവിലെ കവാടത്തിന് മുന്നിലെ പൊലീസ് ബാരിക്കേഡും മറികടന്ന് പ്രവര്‍ത്തകര്‍ സര്‍വകലാശാല ആസ്ഥാനം കയ്യടക്കിയിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡും ജലപീരങ്കിയും മറികടന്നെത്തിയ പ്രതിഷേധക്കാര്‍ രജിസ്ട്രാറുടെ ഓഫീസിന് മുന്നില്‍ സംഘടിച്ച് പ്രതിഷേധിച്ചു. വിസിയുടെ ചേംബറിന് മുന്നില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് എസ്എഫ്‌ഐ.







