

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് കോഴിക്കോട് നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കാന്‍ അവസരത്തിനായി പിടിവലി നടത്തി നേതാക്കള്‍. കുറ്റ്യാടിയില്‍ നല്‍കിയ സ്വീകരണത്തിലാണ് സംഭവം. ജാഥാ ക്യാപ്റ്റനായ വി.ഡി സതീശനെ ആദ്യം സംസാരിക്കാന്‍ വിളിച്ചതില്‍ പ്രകോപിതനായി ഷാഫി പറമ്പില്‍ എംപി നേതാക്കളോട് തര്‍ക്കിക്കുകയായിരുന്നു. ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിലുമായാണ് ഷാഫി തര്‍ക്കിച്ചത്. സതീശനെ ആദ്യം പ്രസംഗിക്കാന്‍ വിളിക്കുകയും പിന്നീട് പ്രതികരണമുണ്ടായപ്പോള്‍ ഷാഫിയെ വിളിക്കാന്‍ മൈക്കിനടുത്തേക്ക് നീങ്ങിയ പ്രമോദിനെ ഷാഫി തടഞ്ഞ്, വിളിച്ചു കഴിഞ്ഞിട്ടാണോ തന്നെ വിളിക്കുന്നതെന്ന് ചോദിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ജാഥാ ക്യാപ്റ്റനായ സതീശന് മുന്‍പ് സംസാരിക്കേണ്ടിയിരുന്നത് ഷാഫി പറമ്പില്‍ ആയിരുന്നു. എന്നാല്‍ യോഗത്തിന് അധ്യക്ഷത വഹിച്ച ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍ ഷാഫിക്ക് മുന്‍പ് സതീശനെ ക്ഷണിച്ചു. ഇതിനിടെ വേദിയില്‍ നിന്ന് ഷാഫിയെ പ്രസംഗിക്കാന്‍ വിളിക്കണമെന്ന ആവശ്യം ഉയരുകയായിരുന്നു. ഇതോടെ ഷാഫിയെ വിളിക്കാനായി പ്രമോദ് കക്കട്ടില്‍ മൈക്കിനടുത്തേയ്ക്ക് പോയപ്പോഴാണ് ‘വിളിച്ച് കഴിഞ്ഞിട്ടാണോ എന്നെ വിളിക്കുന്നത്’ എന്ന് ഷാഫി ചോദിച്ചത്. തുടര്‍ന്ന് വേദിയില്‍ പിടിവലിയുമുണ്ടായി. തൊട്ടുപിന്നാലെ സതീശന്‍ വേദിയില്‍ എത്തുകയും സംസാരിക്കുകയും ചെയ്തു.
സതീശന്‍ സംസാരിച്ച ശേഷം പ്രമോദ് കക്കട്ടില്‍ വീണ്ടും ഷാഫിയെ ക്ഷണിക്കാനായി മൈക്കിനടുത്തേയ്ക്ക് വരാനുള്ള ശ്രമം നടത്തിയെങ്കിലും പ്രമോദിനെ ഷാഫി പറമ്പില്‍ തടഞ്ഞു. ഏറെ പരിശ്രമിച്ച് മൈക്കിന് അടുത്തേയ്ക്ക് വന്ന പ്രമോദ് കക്കട്ടില്‍ ‘ഇനി പ്രിയപ്പെട്ട ഷാഫി പറമ്പില്‍ എംപി സംസാരിക്കും’ എന്ന് പറഞ്ഞു.
പിന്നാലെ സംസാരിക്കാനായി ഷാഫി പറമ്പില്‍ മൈക്കിന് അടുത്തേയ്ക്ക് വന്നു. പ്രസംഗിക്കുന്നില്ലെന്ന് പറഞ്ഞ ഷാഫി, ഒറ്റ വാക്കില്‍ പറഞ്ഞ് അവസാനിപ്പിക്കാമെന്ന് പറയുകയും നൂറില്‍ കൂടുതല്‍ എണ്ണുമ്പോള്‍ കുറ്റ്യാടി കൂടി എണ്ണിക്കോളൂ എന്ന് മാത്രം പ്രതിപക്ഷ നേതാവിനോട് മാത്രമെന്ന രീതിയില്‍ പറഞ്ഞ് പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു. വേദിയില്‍ പിടിവലി നടക്കുമ്പോള്‍ ഇടപെടാതെ മാറിനില്‍ക്കുകയായിരുന്നു വി ഡി സതീശന്‍.










