‘ഭാരത മാതാവിനെ വില്‍ക്കാന്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ’; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ഗാന്ധി

0
58

ന്യൂഡല്‍ഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. ഇന്ത്യയെ കേന്ദ്രവും മോദിയും അമേരിക്കയ്ക്ക് വിറ്റെന്ന് രാഹുല്‍ ആരോപിച്ചു. വ്യാപാര കരാറിലൂടെ ഇന്ത്യയെ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു നാണമില്ലേയെന്നു രാഹുല്‍ ചോദിച്ചു. നിങ്ങള്‍ ഇന്ത്യയെയാണ്, ഭാരതമാതാവിനെയാണ്, നമ്മുടെ അമ്മയെയാണ് വിറ്റത്, ലജ്ജ തോന്നുന്നില്ലേ എന്നും രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ചോദിച്ചു. ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

യുഎസുമായുള്ള വ്യാപാര കരാര്‍ സമ്പൂര്‍ണ പരാജയമാണെന്നും സമ്മര്‍ദത്തിനു വഴങ്ങിയാണു കരാറില്‍ ഏര്‍പ്പെട്ടതെന്നും രാഹുല്‍ പറഞ്ഞു. ”ഇന്ത്യ ആരില്‍നിന്നു എണ്ണ വാങ്ങണമെന്നു തീരുമാനിക്കുന്നത് നമ്മുടെ പ്രധാനമന്ത്രിയല്ല. ട്രംപ് ആണ്. റഷ്യന്‍ എണ്ണ വാങ്ങരുതെന്ന് ഇന്ത്യയോട് യുഎസ് നിര്‍ദേശിച്ചിരിക്കുകയാണ്. അല്ലെങ്കില്‍ തീരുവ ചുമത്തി ശിക്ഷിക്കും. പ്രധാനമന്ത്രിക്ക് ഒന്നും മനസ്സിലായിട്ടില്ല. അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഭയമാണെന്നും രാഹുല്‍ പറഞ്ഞു.

എപ്സ്റ്റീന്‍ ഫയലിനെ കുറിച്ചു സംസാരിച്ച രാഹുല്‍ഗാന്ധിയെ സ്പീക്കര്‍ വിലക്കി. വ്യവസായി അനില്‍ അംബാനിയുടെ പേര് പരാമര്‍ശിച്ചപ്പോള്‍ സഭയില്‍ ഇല്ലാത്തവരെ കുറിച്ചു പരാമര്‍ശങ്ങള്‍ പാടില്ലെന്നാണു സ്പീക്കര്‍ വിലക്കിയത്. തുടര്‍ന്നു ഹര്‍ദീപ് പുരിയുടെ പേരും രാഹുല്‍ ഉന്നയിച്ചു. എന്നാല്‍ എപ്സ്റ്റീന്‍ ഫയലിനെ കുറിച്ചുള്ള രാഹുലിന്റെ സംഭാഷണം തുടര്‍ന്നു സ്പീക്കര്‍ തടയുകയാണുണ്ടായത്.

ഹര്‍ദീപ് പുരിയുടെയും അനില്‍ അംബാനിയുടെയും പേരുകള്‍ എപ്സ്റ്റീന്‍ ഫയലില്‍ ഉണ്ടെന്നും യുഎസില്‍ അദാനിക്കെതിരെ കേസ് നില്‍നില്‍ക്കുന്നുണ്ടെന്നും രാഹുല്‍ഗാന്ധി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഇതെല്ലാം പ്രധാനമന്ത്രിയില്‍ നേരിട്ടു സമ്മര്‍ദമുണ്ടാക്കുന്നു. ഒരു പ്രധാനമന്ത്രിയും സാധാരണ അവസ്ഥയില്‍ ചെയ്യാത്ത കാര്യങ്ങളാണ് യുഎസുമായുള്ള കരാറിലുള്ളതെന്നും രാഹുല്‍ ആരോപിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here