അഹമ്മദാബാദ് വിമാന ദുരന്തം; അന്വേഷണം നടക്കുന്നതേയുള്ളു; നിഗമനത്തിലെത്തിയിട്ടില്ല; ഇറ്റാലിയന്‍ മാധ്യമത്തെ തള്ളി AAIB

0
79
|അഹമ്മദാബാദില്‍ തകര്‍ന്നു വീണ വിമാനം, ഫയല്‍ ചിത്രം|
|അഹമ്മദാബാദില്‍ തകര്‍ന്നു വീണ വിമാനം, ഫയല്‍ ചിത്രം|

ന്യഡല്‍ഹി: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണതിനെ കുറിച്ചുള്ള അന്വേഷണത്തില്‍ പൈലറ്റിനെ കുറ്റപ്പെടുത്തി അന്തിമ റിപ്പോര്‍ട്ട് തയ്യാറായെന്ന വാര്‍ത്തകള്‍ തള്ളി എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (AAIB). ഇതുസംബന്ധിച്ച് ഇറ്റാലിയന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്ത തെറ്റാണെന്നും അന്വേഷണം നടക്കുന്നതേയുള്ളു എന്നും എഎഐബി അറിയിച്ചു. അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെന്നും എഎഐബി അധികൃതര്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് തയ്യാറായെന്ന തരത്തില്‍ ഇറ്റാലിയന്‍ പത്രമായ കൊറിയര്‍ ഡെല്ല സെറ പ്രസിദ്ധീകരിച്ച വാര്‍ത്തയെ കുറിച്ചാണ് പ്രതികരണം.

അത്തരം അവകാശവാദങ്ങള്‍ തെറ്റാണെന്നും ഊഹാപോഹങ്ങള്‍ മാത്രമാണെന്നും എഎഐബി പറഞ്ഞു. എയര്‍ക്രാഫ്റ്റ് അപകട അന്വേഷണ നിയമങ്ങള്‍ 2025, വിമാനാപകട അന്വേഷണങ്ങള്‍ക്കുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ നിയന്ത്രിക്കുന്ന ICAO പ്രകാരമുള്ള ഇന്ത്യയുടെ ബാധ്യതകള്‍ എന്നിവ അനുസരിച്ചാണ് അന്വേഷണം നടക്കുന്നത്. അത്തരം അന്വേഷണങ്ങള്‍ സാങ്കേതികവും തെളിവ് അടിസ്ഥാനമാക്കിയുള്ളതുമായ പ്രക്രിയകളാണെന്നും അവയുടെ ലക്ഷ്യം കാരണം കണ്ടെത്തുകയും വ്യോമയാന സുരക്ഷ വര്‍ധിപ്പിക്കുകയുമാണെന്നും മുന്‍കൂട്ടി കുറ്റം ചുമത്തുകയല്ലെന്നും എഎഐബി കൂട്ടിച്ചേര്‍ത്തു. നേരത്തെ പുറത്തിറക്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ അന്വേഷണത്തിന്റെ ആ ഘട്ടത്തില്‍ ലഭ്യമായ വസ്തുതാപരമായ വിവരങ്ങള്‍ മാത്രമാണ് ഉള്‍ക്കൊള്ളുന്നതെന്നും അന്വേഷണ ഏജന്‍സി പറഞ്ഞു.

കഴിഞ്ഞ ജൂണില്‍ എയര്‍ ഇന്ത്യയുടെ എഐ 171 വിമാനം അഹമ്മദാബാദില്‍ തകര്‍ന്നു വീഴാന്‍ കാരണം വിമാനത്തിലെ ഇന്ധന സ്വിച്ചുകള്‍ പൈലറ്റ് മനഃപൂര്‍വമായി ഓഫ് ചെയ്തതു കൊണ്ടാണെന്ന് അന്വേഷണ റിപ്പോര്‍ട്ടിലുണ്ടെന്നായിരുന്നു ഇറ്റാലിയന്‍ പത്രം റിപ്പോര്‍ട്ട ചെയ്തത്. അപകടം അന്വേഷിക്കുന്ന ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ തയ്യാറാക്കുന്ന അന്തിമ റിപ്പോര്‍ട്ട് ഇത്തരത്തിലാണെന്നും കൊറിയര്‍ ഡെല്ല സെറ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജൂണില്‍ നടന്ന അപകടത്തില്‍ വിമാനത്തിലെ 242 പേരില്‍ 241 പേരും തകര്‍ന്നു വീണ സ്്ഥലത്തിനോട് ചേര്‍ന്ന ഹോസ്റ്റല്‍ കെട്ടിടത്തിലെ 19 പേരും അടക്കം 260 പേരാണ് കൊല്ലപ്പെട്ടത്.

 

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here