

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ഒന്നാം ബലാല്‍സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഈമാസം 16ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പാകെ ഹാജരാകണമെന്നും അന്ന് മൊബൈല്‍ ഫോണ്‍ സമര്‍പ്പിക്കണം എന്നതടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. മൂന്നുദിവസം രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെ ചോദ്യം ചെയ്യലിനു ഹാജരാകാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേരളം വിട്ടു പോകരുതെന്നും പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാനും രാഹുലിന് കോടതി നിര്‍ദേശം നല്‍കി.
ചോദ്യം ചെയ്യുന്ന സമയത്ത് കസ്റ്റഡിയിലുള്ളതായി കണക്കാക്കി ലൈംഗികശേഷി പരിശോധന ഉള്‍പ്പെടെയുള്ളവ നടത്താന്‍ കോടതി അന്വേഷണസംഘത്തിന് അനുവാദം നല്‍കി. രാഹുലിനെ അറസ്റ്റ് ചെയ്യുന്ന പക്ഷം 1 ലക്ഷം രൂപയുടെ ജാമ്യത്തില്‍ വിടാനാണ് കോടതി നിര്‍ദേശം. എല്ലാ രണ്ടാം ശനിയാഴ്ചയും രാവിലെ 10നും 11നുമിടയില്‍ രാഹുല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകണമെന്നും അതിജീവിതയേയോ സാക്ഷികളെയോ ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ബലാല്‍സംഗം ചെയ്‌തെന്നും നിര്‍ബന്ധിച്ചു ഗര്‍ഭഛിദ്രം നടത്തിക്കുകയും ചെയ്‌തെന്നും ആരോപിച്ച് യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. രാഹുലിനെതിരെ ഉയര്‍ന്ന ആദ്യ ബലാത്സംഗ പരാതിയാണ് ഇത്. ഹര്‍ജിയില്‍ തീരുമാനമാകുന്നതു വരെ കോടതി രാഹുലിന്റെ അറസ്റ്റ് വിലക്കിയിരുന്നു. ഇതോടെ രാഹുലിനെതിരായ മൂന്ന് ബലാല്‍സംഗക്കേസുകളിലും ജാമ്യം ലഭിച്ചു. നേരത്തെ രണ്ടാം ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യവും മൂന്നാം ബലാത്സംഗ കേസില്‍ ജാമ്യവും രാഹുലിനു ലഭിച്ചിരുന്നു.
രാഹുല്‍ ബലാത്സംഗം ചെയ്യുകയും പിന്നീട് ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചെന്നും ആരോപിച്ച് അതിജീവിത നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുക്കുകയും രാഹുല്‍ ഒളിവില്‍ പോവുകയും ചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യവുമായി തിരുവനന്തപുരം സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി അനുവദിക്കാതെ വന്നതോടെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഹര്‍ജിയില്‍ തീരുമാനമാകുന്നതു വരെ കോടതി അറസ്റ്റ് വിലക്കിയതോടെയാണ് രാഹുല്‍ ഒളിവില്‍ നിന്ന് പുറത്തു വന്നത്.
പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു താനും അതിജീവിതയുമായി ഉണ്ടായിരുന്നതെന്നും ബന്ധത്തില്‍ വിള്ളലുണ്ടായപ്പോള്‍ പരാതി നല്‍കിയതാണെന്നുമാണ് രാഹുലിന്റെ വാദം. ആരോപണം ബലാത്സംഗ കുറ്റത്തിന്റെ നിര്‍വചനത്തില്‍ വരുന്നതല്ല. ഗര്‍ഭഛിദ്രം നടത്തിയെന്ന ആരോപണം തെറ്റിദ്ധരിപ്പിക്കാനാണ്. ഇക്കാര്യത്തില്‍ തന്റെ പക്കല്‍ മതിയായ തെളിവുകളുണ്ടെന്നും രാഹുല്‍ വാദിച്ചു.










