

തിരുവനന്തപുരം: പണിമുടക്ക് ദിവസം സ്കൂള് തുറക്കാനെത്തിയ എട്ട് അധ്യാപകരെ സ്കൂളിനുള്ളില് പൂട്ടിയിട്ട് സമരക്കാര്. സ്കൂളിന്റെ പൂട്ടിനു പുറമേ സമരക്കാര് കൊണ്ടുവന്ന പൂട്ടും ഉപയോഗിച്ചാണ് ഗേറ്റ് പൂട്ടിയത്. ഗേറ്റ് പൂട്ടി സമരക്കാര് പോയതോടെ വൈകുന്നേരം വരെ അധ്യാപകര് സ്കൂളിനുള്ളില് കഴിയേണ്ടി വന്നു. നെടുമങ്ങാട് ഗേള്സ് ഹയര് സെക്കണ്ടറി സ്കൂളിലാണ് സംഭവം. വൈകുന്നേരം നാല് മണിയോടെ സ്കൂളിലെ ഒരു സ്റ്റാഫ് എത്തി പൂട്ട് തുറന്നതോടെയാണ് അധ്യാപകര്ക്ക് പുറത്തിറങ്ങാനായത്.
രാവിലെ ജോലിക്ക് ഹാജരാകാന് എത്തിയ എട്ട് അധ്യാപകരെയാണ് സ്കൂളിനകത്തിട്ട് പൂട്ടി സമരക്കാര് താക്കോലുമായി സ്ഥലം വിട്ടത്. പണിമുടക്ക് ദിവസം സ്കൂള് പ്രവര്ത്തിപ്പിക്കാന് അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സമരാനുകൂലികള്. രാവിലെ സ്കൂളിലെത്തിയപ്പോള് മുന്വശത്തെ ഗേറ്റ് പൂട്ടിക്കിടക്കുന്നതാണ് അധ്യാപകര് കണ്ടത്. തുടര്ന്ന് ഇവര് സ്കൂളിന്റെ പിന്വശത്തുള്ള ഗേറ്റ് വഴി അകത്തു പ്രവേശിച്ചു. എന്നാല് അധ്യാപകര് അകത്തു കയറിയ വിവരം ശ്രദ്ധയില്പ്പെട്ട സമരാനുകൂലികള് ഉടന് തന്നെ അവിടെയെത്തുകയും പിന്വശത്തെ ഗേറ്റ് കൂടി പൂട്ടുകയുമായിരുന്നു.
സ്കൂളിലെ പൂട്ടിന് പുറമെ സമരക്കാര് കൊണ്ടുവന്ന മറ്റൊരു പൂട്ട് കൂടി ഉപയോഗിച്ചും ഗേറ്റ് പൂട്ടി. സ്കൂളിനുള്ളില് അകപ്പെട്ട അധ്യാപകര്ക്ക് വൈകിട്ട് നാല് മണി വരെ പുറത്തിറങ്ങാന് സാധിച്ചില്ല. ഈ സമയമത്രയും സ്കൂള് ഓഫീസോ മറ്റ് പ്രവര്ത്തനങ്ങളോ അവിടെ നടന്നിരുന്നില്ല.










