വട്ടിയൂര്‍ക്കാവ് തിരിച്ചു പിടിക്കാന്‍ കെ.മുരളീധരനെത്തുമോ.? വെല്ലുവിളിയായി പ്രശാന്ത്.; കളമൊരുങ്ങുന്നത് അതിശക്ത ത്രികോണ മത്സരത്തിന്.

0
47

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിശക്തമായ മത്സരം നടക്കാന്‍ പോകുന്നത് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലായിരിക്കുമെന്ന് സൂചന. അതിശക്തമായ ത്രികോണ മത്സരത്തിനാണ് വട്ടിയൂര്‍ക്കാവ് ഒരുങ്ങുന്നത്. സിറ്റിംഗ് എംഎല്‍എ വി.കെ പ്രശാന്ത് ഇക്കുറിയും സിപിഎമ്മിനായി പോരിനിറങ്ങുമ്പോള്‍ മണ്ഡലം തിരിച്ചു പിടിക്കാനുള്ള ചുമതല കെ.മുരളീധരന്‍ ഏറ്റെടുത്തേക്കും. ആരും പ്രതീക്ഷിക്കാത്ത സ്ഥാനാര്‍ത്ഥിയായിരിക്കും തങ്ങളുടേതെന്ന് പറഞ്ഞ് ബിജെപിയും സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ്. മണ്ഡലം രൂപീകരിക്കപ്പെട്ട ശേഷം നടന്ന ഒരു ഉപതെരഞ്ഞെടുപ്പ് അടക്കം നാലു തെരഞ്ഞെടുപ്പുകളില്‍ രണ്ടുതവണ കെ.മുരളീധരനായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചത്.

2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പ് മുതല്‍ കൈവിട്ടു പോയ മണ്ഡലം തിരിച്ചു പിടിക്കാന്‍ കെ.മുരളീധരനെ തന്നെ തട്ടകത്തിലേക്ക് തിരിച്ചെത്തിക്കാനാണ് പാര്‍ട്ടി നേതൃത്വം ശ്രമിക്കുന്നത്. ആശയക്കുഴപ്പത്തിനൊടുവില്‍ മുരളിയെ വട്ടിയൂര്‍ക്കാവില്‍ തന്നെ പോരിനിറക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. മുരളീധരനും ഇഷ്ടം വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനായിരുന്നു. പക്ഷേ, കഴിഞ്ഞ ഏഴു വര്‍ഷം മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് വച്ച് സിറ്റിംഗ് എംഎല്‍എ വി.കെ.പ്രശാന്ത് എതിരാളിയായി എത്തുന്നത് മുരളീധരന് കടുത്ത വെല്ലുവിളിയാണ്. കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശത്തില്‍ സര്‍പ്രൈസ് സ്ഥാനാര്‍ഥിയെ കളത്തിലിറക്കാന്‍ ബിജെപി തയ്യാറെടുക്കുമ്പോള്‍ മത്സരം തീപാറുമെന്നുറപ്പാണ്.

2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന്റെ പിറവി. കന്നി തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മുരളീധരനെ വരിച്ചത് 16,167 വോട്ടുകളുടെ ഭൂരിപക്ഷം നല്‍കിക്കൊണ്ടായിരുന്നു. 2016-ല്‍ ഭൂരിപക്ഷം അല്‍പം കുറഞ്ഞെങ്കിലും സിപിഎമ്മിലെ ടി.എന്‍ സീമയെന്ന കരുത്തയായ സ്ഥാനാര്‍ത്ഥിയെ മൂന്നാം സ്ഥാനത്തേകക്് പിന്തള്ളിക്കൊണ്ട് ഒരിക്കല്‍കൂടി തന്റെ അപ്രമാദിത്വം ഉറപ്പിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനായിരുന്നു അന്ന് രണ്ടാംസ്ഥാനത്ത്. 2019-ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വന്നു. വടകര ലോക്‌സഭാംഗമായി മുരളീധരന്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ ഉപതെരഞ്ഞെടുപ്പ് വന്നു. പക്ഷേ, കോണ്‍ഗ്രസ് കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് അതുവരെ മേയര്‍ ബ്രോ ആയിരുന്ന വി.കെ പ്രശാന്ത് എംഎല്‍എ ബ്രോ ആയി. ഭൂരിപക്ഷം 14,465. 2021-ല്‍ ഭൂരിപക്ഷം 21,515 ആക്കി ഉയര്‍ത്തി വീണ എസ് നായരെയും വി.വി രാജേഷിനെയും തോല്‍പിച്ച് രണ്ടാമൂഴം. ഇപ്പോള്‍ മൂന്നാം ഊഴത്തിലും പാര്‍ട്ടി കരുതുന്നത് പ്രശാന്ത് എന്ന വജ്രായുധത്തെ തന്നെയാണ്.

ഹിന്ദു വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലത്തില്‍ നായര്‍ സമുദായമാണ് എണ്ണത്തില്‍ മുന്നില്‍. ഈഴവ, ദലിത് വിഭാഗങ്ങള്‍ക്കും സ്വാധീനമുണ്ട്. ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങള്‍ 25 ശതമാനത്തോളം. തിരുവനന്തപുരം നോര്‍ത്ത് മണ്ഡലമാണ് വട്ടിയൂര്‍ക്കാവായത്. മണ്ഡലത്തിന്റെ ഭാഗമായിരുന്ന വട്ടിയൂര്‍ക്കാവ്, കുടപ്പനക്കുന്ന് പഞ്ചായത്തുകളും കോര്‍പറേഷനിലെ 10 വാര്‍ഡുകളും ശാസ്തമംഗലം, കുന്നുകുഴി, നന്തന്‍കോട്, കണ്ണമൂല വാര്‍ഡുകളും ചേര്‍ന്നാണ് വട്ടിയൂര്‍ക്കാവ് മണ്ഡലം നിലവില്‍വന്നത്.

പഞ്ചായത്തുകള്‍ കോര്‍പറേഷനോട് കൂട്ടിച്ചേര്‍ത്തതോടെ 24 വാര്‍ഡുകളും നാലാഞ്ചിറ വാര്‍ഡിന്റെ പകുതിയും മണ്ഡലത്തിലായി. മണ്ഡലത്തിന്റെ ഭാഗമായിരുന്ന ഉള്ളൂര്‍, കടകംപള്ളി പഞ്ചായത്തുകള്‍ കഴക്കൂട്ടം മണ്ഡലത്തിന്റെ ഭാഗമായി. തിരുവനന്തപുരം നോര്‍ത്തില്‍ 1977ല്‍ എന്‍ഡിപി, 1980ല്‍ സിപിഎം, 1982ല്‍ കോണ്‍ഗ്രസ്, 1987, 1991, 1996 വര്‍ഷങ്ങളില്‍ സിപിഎം, 2001ല്‍ കോണ്‍ഗ്രസ്, 2006ല്‍ സിപിഎം എന്നിങ്ങനെയായിരുന്നു വിജയം.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here