

ന്യൂഡല്‍ഹി: കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ശബരിമല യുവതി പ്രവേശനം വീണ്ടും കോടതിയിലേക്ക്. കേസിലെ ഒരുകൂട്ടം പുനഃപരിശോധനാ ഹര്‍ജികള്‍ തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. വിധി വന്ന് ഏഴുവര്‍ഷം പൂര്‍ത്തിയാകാറുമ്പോഴാണ് സുപ്രീംകോടതി ഈ കേസ് വീണ്ടും പരിഗണിക്കുന്നത്. ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികളാണ് പരിശോധിക്കുക. വാദം തുടങ്ങുന്ന തിയ്യതി സംബന്ധിച്ച് തിങ്കളാഴ്ച കോടതി തീരുമാനമെടുക്കും.
2019-ലാണ് യുവതിപ്രവേശനവുമായി ബന്ധപ്പെട്ട വിഷയം അവസാനമായി സുപ്രീംകോടതിയുടെ പരിഗണിച്ചത്. കോവിഡിനെ തുടര്‍ന്നുള്ള സാഹചര്യങ്ങളില്‍ ഒമ്പതംഗ ബെഞ്ച് ഹര്‍ജികള്‍ പരിഗണിക്കുന്നത് അന്ന് മാറ്റിവെക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാകും കേസ് തിങ്കളാഴ്ച പരിഗണിക്കുക. ഒമ്പതംഗ ബെഞ്ച് കേസില്‍ എന്ന് മുതല്‍ വാദം തുടങ്ങുമെന്ന കാര്യം തിങ്കളാഴ്ച സുപ്രീംകോടതിയില്‍ നിന്നുണ്ടായേക്കും. 2019-ല്‍ കേസ് ഒമ്പതംഗ ബെഞ്ച് പരിഗണിച്ചപ്പോള്‍ ഉണ്ടായിരുന്ന ജഡ്ജിമാരില്‍ അവശേഷിക്കുന്ന ഏകയാളാണ് ഇന്നത്തെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഹര്‍ജികളില്‍ വാദം നടക്കുമോ എന്നത് ശ്രദ്ധേയമാണ്. ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് തങ്ങളുടെ നിലപാട് അറിയിക്കേണ്ടി വരും. നേരത്തെ യുവതീപ്രവേശനത്തിന് അനുകൂലമായിരുന്നു സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിലപാടില്‍ മാറ്റമുണ്ടാകുമോ എന്നത് ശ്രദ്ധയാകര്‍ഷിക്കും.










