നാടൊന്നടങ്കം കണ്ണീരഞ്ജലി അര്‍പ്പിച്ചു; മാലാഖ യാത്രയായി; ആലിന്‍ ഷെറിന് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി

0
61

പത്തനംതിട്ട: വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച് അവയവദാനത്തിലൂടെ നാടിന്റെ മാലാഖയായ കുഞ്ഞ് ആലിന്‍ ഷെറിന്‍ എബ്രഹാമിനെ നാട് കണ്ണീരഞ്ജലിയോടെ യാത്രയാക്കി. 9 മാസം പ്രായമുള്ള ആലിന്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് എന്ന ബഹുമതിയോടെയാണ് യാത്രയാകുന്നത്. സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെ പത്തനംതിട്ട നെടുങ്ങാടപ്പള്ളി സിഎസ്‌ഐ പള്ളി സെമിത്തേരിയിലായിരുന്നു സംസ്‌കാരം. മല്ലപ്പള്ളി ജോര്‍ജ് മാത്തന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ആലിന്റെ മൃതദേഹം വീട്ടിലെത്തിച്ച് പൊതുദര്‍ശനം നടത്തിയ ശേഷമാണ് സംസ്‌കരിച്ചത്. നാടൊന്നടങ്കം കുഞ്ഞു മാലാഖയെ യാത്രയാക്കാന്‍ എത്തിയിരുന്നു.

നെടുങ്ങാടപ്പള്ളി സിഎസ്‌ഐ പള്ളി അങ്കണത്തില്‍ അന്തിമോപചാരമായി ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. തുടര്‍ന്നായിരുന്നു സംസ്‌കാരം. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആലിന്‍. ആയിരക്കണക്കിനുപേര്‍ ആലിനെ അവസാനമായി ഒരുനോക്ക് കാണാന്‍ വീട്ടിലും പള്ളിയിലും എത്തിയിരുന്നു. പ്രധാനമന്ത്രിക്കുവേണ്ടി കേന്ദ്രമന്ത്രി സുരേഷ് ഗോപി ആദരാഞ്ജലി അര്‍പ്പിച്ചു. മന്ത്രിമാരായ വീണ ജോര്‍ജ്, വി. എന്‍. വാസവന്‍ തുടങ്ങിയവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

അരുണ്‍ ഏബ്രഹാമിന്റെയും ഷെറിന്‍ ആന്‍ ജോണിന്റെയും ഏകമകളായ ആലിന് കഴിഞ്ഞ അഞ്ചിന് എംസി റോഡില്‍ പള്ളത്തുണ്ടായ അപകടത്തിലാണ് ഗുരുതരമായി പരുക്കേറ്റത്. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ആലിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് ആലിന്റെ ഇരുവൃക്കകളും കരളും ഉള്‍പ്പെടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.

6 മാസം പ്രായമുള്ള ധ്രിയയും 10 വയസ്സുള്ള ശ്രേയയുമാണ് അവയവങ്ങള്‍ സ്വീകരിച്ചത്. ധ്രിയയുടെ ശസ്ത്രക്രിയ കിംസ് ഹെല്‍ത്തിലും ശ്രേയയുടെ ശസ്ത്രക്രിയ മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണു നടന്നത്. ആലിനിന്റെ കരള്‍ ധ്രിയയും വൃക്കകള്‍ ശ്രേയയും സ്വീകരിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here