മണിശങ്കര്‍ അയ്യരെ തള്ളി വി.ഡി സതീശന്‍; കോണ്‍ഗ്രസുമായി ബന്ധമില്ല; അധികാരമുള്ളപ്പോള്‍ കിട്ടാനുള്ളതെല്ലാം നേടിയെടുത്തു

0
73

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സര്‍ക്കാരിനെയും പുകഴ്ത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മണിശങ്കര്‍ അയ്യര്‍ക്ക് കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ലെന്നും അധികാരസമയത്ത് കിട്ടാനുള്ളതെല്ലാം നേടിയെടുത്ത ആളാണ് അദ്ദേഹമെന്നും സതീശന്‍ ആരോപിച്ചു. മണിശങ്കര്‍ അയ്യരെ തള്ളി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും നേരത്തെ രംഗത്തെത്തിയിരുന്നു.

കേരള നേതാക്കള്‍ക്കു പിന്നാലെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും മണിശങ്കര്‍ അയ്യരെ തള്ളിപ്പറഞ്ഞിരുന്നു. കുറച്ച് വര്‍ഷങ്ങളായി മണിശങ്കര്‍ അയ്യര്‍ക്ക് കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞത്. മണിശങ്കര്‍ പറയുന്നത് വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചിരുന്നു. അതേസമയം മണിശങ്കര്‍ അയ്യരെ അധിക്ഷേപിച്ചായിരുന്നു കെപിസിസി വക്താവ് ഡോ. ജിന്റോ ജോണിന്റെ പ്രതികരണം. ഈ അലവലാതിയെ ഇനിയും ചുമക്കണോയെന്നായിരുന്നു ജിന്റോ ജോണ്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്.

സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തുകയും പിണറായി വിജയന്‍ തന്നെ ആയിരിക്കും അടുത്ത മുഖ്യമന്ത്രിയെന്നുമായിരുന്നു മണിശങ്കര്‍ അയ്യരുടെ പുകഴ്ത്തല്‍ പ്രസ്താവന. ആസൂത്രണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ‘വിഷന്‍ 2031’ എന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന വേദിയിലായിരുന്നു മണിശങ്കര്‍ അയ്യര്‍ സംസ്ഥാനത്തിന്റെ വികസനത്തെയും സംസ്ഥാന സര്‍ക്കാരിനെയും പുകഴ്ത്തിയത്.

അതേസമയം, ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വ്യക്തതയില്ലാത്തത് സിപിഐഎമ്മിനാണെന്ന് സതീശന്‍ ആരോപിച്ചു. വിഷയത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് സര്‍ക്കാരാണ്. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ അഫിഡവിറ്റ് തിരുത്തുമെന്നും സതീശന്‍ പറഞ്ഞു. അതേസമയം യുഡിഎഫിന്റെ പുതുയുഗ യാത്രയില്‍ ഇനിയും വിസ്മയങ്ങളുണ്ടാകുമെന്ന് സതീശന്‍ പറഞ്ഞു. അത് എന്താണെന്ന് പറഞ്ഞാല്‍ വിസ്മയം ഇല്ലല്ലോ എന്നും സതീശന്‍ വ്യക്തമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here