

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അന്വേഷണം നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം നടന്‍ ജയറാമിന്റെ മൊഴി രേഖപ്പെടുത്തി. ഇഡിയുടെ കൊച്ചി സോണല്‍ ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. പോറ്റിയുമായി നല്ല ബന്ധമുണ്ടായിരുന്നെന്നും തട്ടിപ്പിനെ കുറിച്ച് അറിവില്ലായിരുന്നെന്നും ജയറാം ഇഡിക്ക് മൊഴി നല്‍കി. ശബരിമലയില്‍ നിന്നാണ് പോറ്റിയുമായി ബന്ധം തുടങ്ങിയതെന്നും പോറ്റിയുമായി സാമ്പത്തിക ഇടപാടുകള്‍ ഇല്ലെന്നും ജയറാം ഇ.ഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്.
ശബരിമലയിലെ വിശ്വാസി എന്ന നിലയ്ക്കാണ് ചടങ്ങുകളില്‍ പങ്കെടുത്തത്. വീട്ടിലേക്ക് സ്വര്‍ണപ്പാളികള്‍ എത്തിച്ച് പൂജ നടത്തിയപ്പോള്‍ ദക്ഷിണ കൊടുത്തു. മറ്റ് ഇടപാടുകള്‍ ഇല്ലെന്നും ജയറാം ഇ ഡിക്ക് മൊഴി നല്‍കി. ജയറാമിന്റെ മൊഴി പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് ഇ.ഡി അറിയിച്ചിട്ടുണ്ട്. സാക്ഷി എന്ന നിലയിലാണ് ഇപ്പോള്‍ ജയറാമിനെ ചോദ്യം ചെയ്തത്.
ശബരിമല ഓരോ ഭാരതീയനേയും സംബന്ധിച്ച് പുണ്യ സ്ഥലമാണെന്നും അവിടെ തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ അതിലെ സത്യം പൂര്‍ണമായും പുറത്തു കൊണ്ടുവരണമെന്നുമായിരുന്നു ചോദ്യം ചെയ്യലിനെത്തിയപ്പോള്‍ ജയറാമിന്റെ പ്രതികരണം. കഴിഞ്ഞ 38 വര്‍ഷമായി കേരളത്തില്‍ അങ്ങോളമിങ്ങോളം ക്ഷേത്രങ്ങളില്‍ പല പരിപാടികളില്‍ ആദ്യം ക്ഷണിക്കുന്നത് തന്നെയാണെന്നും അതിന് പോകാറുണ്ടെന്നും ജയറാം പറഞ്ഞു. അതേ രീതിയില്‍ തന്നെയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്ന പരിപാടിക്ക് പോയതെന്നും ജയറാം പറഞ്ഞു.
ശബരിമലയില്‍ നിന്ന് കൊണ്ടുപോയ കട്ടിളപ്പാളികള്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍ എത്തിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുളള ജയറാമിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ നേരത്തെ എസ്ഐടി ജയറാമിന്റെ മൊഴിയെടുത്തിരുന്നു.










