

കല്‍പറ്റ: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടം സംഭവിച്ച സംരംഭകരെയും ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍. ഉരുള്‍പൊട്ടലില്‍ കടമുറികള്‍ നഷ്ടപ്പെട്ട കെട്ടിട ഉടമകള്‍ക്കും സംരംഭകര്‍ക്കും ഉചിതമായ നഷ്ടപരിഹാരം അനുവദിക്കുമെന്ന് മന്ത്രി ഒ.ആര്‍ കേളു അറിയിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ദുരന്തത്തില്‍ പൂര്‍ണ്ണമായി നഷ്ടം സംഭവിച്ച കടകള്‍ക്ക് കടകളുടെ തരമോ ഘടനയോ പരിഗണിക്കാതെ ഒരു കടയ്ക്ക് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് തീരുമാനം.
കടയുടമയ്ക്ക് ഒന്നില്‍ കൂടുതല്‍ കടമുറികള്‍ നഷ്ടമായിട്ടുണ്ടെങ്കില്‍ അധികമുള്ള ഓരോ കടമുറിയ്ക്കും 2.5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിക്കും. സംരംഭകര്‍ക്ക് സംരംഭങ്ങള്‍ പുനരാരംഭിക്കുന്നതിനായി ഓരോ സംരംഭത്തിനും അവര്‍ക്കുണ്ടായ നഷ്ടത്തിന്റെ 50% നഷ്ടപരിഹാരമായി അനുവദിക്കും. അതല്ലെങ്കില്‍ ഓരോ സംരംഭത്തിന്റെയും തരം അനുസരിച്ച് ഉത്പാദന മേഖലയക്ക് 20 ലക്ഷം, സേവന മേഖലയ്ക്ക് 10 ലക്ഷം, കച്ചവട സ്ഥാപനങ്ങള്‍ക്ക് ഏഴു ലക്ഷം എന്നിങ്ങനെയും നഷ്ടപരിഹാരം അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു.
നഷ്ടപരിഹാരം നല്‍കുന്നതിന് ആവശ്യമായി വരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വയനാട് ജില്ലാ കളക്ടര്‍ക്ക് അനുവദിക്കുവാനും തുക വിതരണം ചെയ്യുന്നതിന് വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുവാനും മന്ത്രിസഭായോഗം തീരുമാനിച്ചു.










