

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായുള്ള സീറ്റ് ധാരണാ ചര്‍ച്ച അനന്തമായി നീണ്ടുപോകുന്നതില്‍ അതൃപ്തി പുകയുന്നതിനിടെ രാഹുല്‍ഗാന്ധിയും പി.കെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങുന്നു. രാഹുല്‍ഗാന്ധിയുമായി കുഞ്ഞാലിക്കുട്ടിക്ക് കേരളത്തില്‍ തന്നെ കൂടിക്കാഴ്ച ഒരുക്കാമെന്ന് ധാരണയായി. ഇതോടെ കുഞ്ഞാലിക്കുട്ടി ഡല്‍ഹിയാത്ര മാറ്റിവച്ചു. 25 നാണ് രാഹുല്‍ഗാന്ധി കേരളത്തിലെത്തുന്നത്. സീറ്റുകള്‍ വച്ചുമാറുന്ന കാര്യത്തിലാണ് ധാരണയാകാനുള്ളത്.
കോണ്‍ഗ്രസുമായുള്ള സീറ്റ് ചര്‍ച്ച നീണ്ടുപോകുന്നതില്‍ മുസ്ലിം ലീഗ് അതൃപ്തിയിലായിരുന്നു. ഇതേതുടര്‍ന്നാണ് ഹൈക്കമാന്റിനെ നേരിട്ട് കാണാന്‍ പി കെ കുഞ്ഞാലിക്കുട്ടി ഡല്‍ഹിക്ക് പോകാന്‍ തീരുമാനിച്ചത്. ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, സോണിയാ ഗാന്ധി എന്നിവരുമായി സീറ്റുകള്‍ വെച്ചു മാറുന്ന വിഷയം ചര്‍ച്ച ചെയ്യാനായിരുന്നു ലീഗ് തീരുമാനം.
കോങ്ങാട്, ചേലക്കര സീറ്റുകള്‍ വെച്ചുമാറാന്‍ കോണ്‍ഗ്രസിലും ലീഗിലും ധാരണയായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായിരുന്ന ചേലക്കരയില്‍ കഴിഞ്ഞ 30 വര്‍ഷത്തിലധികമായി സിപിഐഎമ്മാണ് വിജയിക്കുന്നത്. ചേലക്കരയില്‍ വിജയസാധ്യത മങ്ങിയ പശ്ചാത്തലത്തിലാണ് പാലക്കാട് ജില്ലയിലെ സംവരണ മണ്ഡലമായ കോങ്ങാടുമായി വച്ചുമാറ്റത്തിന് ഇരു പാര്‍ട്ടികളും തയ്യാറാകുന്നത്. തവനൂര്‍-തിരുവമ്പാടി, ചടയമംഗലം-പുനലൂര്‍, പട്ടാമ്പി-ഗുരുവായൂര്‍ സീറ്റുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നീളുകയാണ്.
കോങ്ങാട് കോണ്‍ഗ്രസിന് വിജയസാധ്യത ഉണ്ടെന്ന വിലയിരുത്തലാണ് വെച്ചു മാറ്റത്തിന്റെ അടിസ്ഥാനം. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് കുന്നംകുളത്ത് വച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടി, വി കെ ശ്രീകണ്ഠന്‍ എന്നിവര്‍ ചര്‍ച്ച പൂര്‍ത്തിയാക്കിയിരുന്നു. സീറ്റുമാറ്റ ചര്‍ച്ചകള്‍ സംബന്ധിച്ച് തീരുമാനം പിന്നീട് അറിയിക്കുമെന്ന് വി ഡി സതീശന്‍ പറഞ്ഞത്.










