
പോത്തൻകോട് : ലോകസമാധാനത്തിന്റെ പ്രാപ്തിക്ക് വേണ്ടി ശാന്തിഗിരി ആശ്രമത്തെ വിവിധ സഭകളുമായും രാഷ്ട്രീയപാർട്ടികളുമായും സമുദായങ്ങളുമായും നിരന്തരം കൂട്ടിയിണക്കുന്നതിൽ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് മലങ്കര സുറിയാനി സഭ മേജർ ആർച്ച് ബിഷപ്പ് ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് ബാവ. പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ പൂജിതപീഠം സമർപ്പണം ആഘോഷത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബാവ.
ഉയർന്ന മല എപ്പോഴും ഔന്നത്യത്തെ സൂചിപ്പിക്കുന്നതാണ് . മല എന്നത് വിശുദ്ധ ബൈബിളിൽ ദൈവാനുഭവം നേടുന്നതിന് മനുഷ്യർ നടന്നു കയറി സായൂജ്യം പ്രാപിക്കുന്ന ഇടമാണ്. കേരള സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയിൽ ശാന്തിഗിരി ഒരു ഉയർന്ന മലയാണ്. ഇവിടേക്ക് പടികൾ ചവിട്ടി കയറുമ്പോൾ ലഭ്യമാകുന്ന വലിയ ആത്മസംതൃപ്തി ഉണ്ട്. അത് ഇവിടെ വ്യാപിക്കുന്ന സ്നേഹത്തിന്റെയും കരുതലിന്റെയും ആത്മബന്ധത്തിന്റെയും അനുരണനങ്ങളാണ്. സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും മൂല്യമായ നിമിഷങ്ങളാണ് ആശ്രമം ജനങ്ങൾക്ക് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സന്യാസജീവിതത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കിയ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയെ ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ ചടങ്ങിൽ ആദരിച്ചു. ആശ്രമത്തിന്റെ പ്രവർത്തനങ്ങൾ ജനനന്മ ലക്ഷ്യമിട്ട് മാത്രമാണ്. എല്ലാ മനുഷ്യരെയും ഒരു പോലെ കാണാനും അവരുടെ വേദനകൾ അകറ്റുവാനും അവർക്ക് നന്മ പ്രദാനം ചെയ്യാനുളള വഴികളിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളാണ് സന്ന്യാസിമാരുടെ മേൽനോട്ടത്തിൽ നടക്കുന്നത്. കേരളത്തിന്റെ മതേതര മുഖമാണ് സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയെന്നും നാട് അനുഭവിക്കുന്ന എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും അതിനെ അതിജീവിക്കാൻ ജനതയോടൊപ്പം നിൽക്കുന്ന , ജനതയെ തയ്യാറാക്കുന്ന ആ നല്ല പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെട്ട് മുന്നോട്ടു പോകണമെന്നും മന്ത്രി പറഞ്ഞു.
മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രശസ്തിപത്രം സഭ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ സ്വാമിക്ക് സമ്മാനിച്ചു. നോമ്പുനാളുകളിൽ ലുലു ഗ്രൂപ്പ് പതിവായി ആശ്രമത്തിനു നൽകാറുളള അന്നദാന സമർപ്പണവും ചടങ്ങിൽ നടന്നു. ലുലു ഗ്രൂപ്പ് ഡയറക്ടർ ജോയ് ഷഡാനന്ദൻ ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ ചെക്ക് ആശ്രമത്തിന് കൈമാറി.
ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അധ്യക്ഷത വഹിച്ച ചടങ്ങിൽ പാളയം ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവി, സ്വാമി സുകൃതാനന്ദ, ഫാദർ ലിബീഷ് ഇ ജോർജ്, എം.എൽ.എ മാരായ കടകംപള്ളി സുരേന്ദ്രൻ, വി. ജോയി, മുൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, കേരള സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻ നായർ, തിരുവനന്തപുരം നഗരസഭ അംഗം അഡ്വ. കെ.എസ്. ശബരീനാഥൻ, മുൻ എം.എൽ.എ അഡ്വ. എം.എ .വാഹിദ്, മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. ശാന്തകുമാരി, സ്വാമി ഗുരുസവിധ്, സബീർ തിരുമല, എ. ജയപ്രകാശ്, അനിൽ ചേർത്തല, ഡോ.. ശ്രീവത്സൻ നമ്പൂതിരി, അഡ്വ. എം. മുനീർ, എം. ബാലമുരളി, ഷോഫി കെ., ഫാ. രാജു പീറ്റർ, എം. അനിൽകുമാർ, മണക്കാട് രാമചന്ദ്രൻ, ഡോ. ഹേമലത. പി.എ, പ്രദീപ് മോഹൻ ശങ്കർ, വിജയ് വി നായർ, എൻ. നവപുഷ്പം, എന്നിവർ സംസാരിച്ചു.
രാവിലെ 5 മണിക്ക് ആരാധനയോടെയാണ് പ്രാർത്ഥനാചടങ്ങുകൾക്ക് തുടക്കമായത്. രാവിലെ 6 മണിയുടെ ആരാധനയ്ക്ക് ശേഷം ധ്വജം ഉയർത്തി. രാവിലെ 7 മുതൽ താമരപ്പർണ്ണശാലയിൽ പുഷ്പസമർപ്പണവും 11 ന് ഗുരുദർശനവും വിവിധ സമർപ്പണങ്ങളും നടന്നു. ഉച്ചയ്ക്ക് നടന്ന അന്നദാനത്തിൽ ആയിരങ്ങൾ പങ്കെടുത്തു.







