മണ്ണിലിട്ടാല്‍ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍; ബയോഡീഗ്രേഡബിള്‍ കുപ്പിയുമായി ജലവിഭവ വകുപ്പ്; പ്ലാസ്റ്റിക് പ്രശ്‌നത്തിന് പരിഹാരം

0
447
|REPRESENTATIVE IMAGE|

തിരുവനന്തപുരം: കുപ്പിവെള്ളം വാങ്ങുമ്പോള്‍ പ്ലാസ്റ്റിക് കുപ്പി നശിപ്പിക്കാനാകില്ലെന്ന പ്രശ്‌നത്തിന് ഇനി പരിഹാരമാകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ജലവിഭവ വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് ആണ് ഇതിനൊരു പരിഹാരവുമായി പുതിയ ബയോഡീഗ്രേഡബിള്‍ കുപ്പിവെള്ളത്തിന് രൂപം നല്‍കിയിരിക്കുന്നത്. കെഐഐഡിസിയുടെ ഉടമസ്ഥതയിലുള്ള ‘ഹില്ലി അക്വാ’ ആണ് പുതിയ സംരംഭം. മണ്ണിലിട്ടാല്‍ താനേ അലിഞ്ഞില്ലാതാകുന്ന തരത്തിലാണ് കുപ്പി നിര്‍മിച്ചിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ 300 മില്ലിയുടെ ബയോഡീഗ്രേഡബിള്‍ കുപ്പിവെള്ളമാണ് പരീക്ഷണാടിസ്ഥാനത്തില്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. വിപണിയിലെ പ്രതികരണം വിലയിരുത്തിയ ശേഷം മറ്റ് അളവുകളിലേക്കും ഉല്‍പ്പാദനം വ്യാപിപ്പിക്കും. ചോളം, കരിമ്പ് തുടങ്ങിയ പുനരുപയോഗിക്കാവുന്ന വിഭവങ്ങളുടെ അന്നജത്തില്‍ നിന്നാണ് ഈ ബോട്ടിലുകള്‍ നിര്‍മിക്കുന്നത്. കാഴ്ചയില്‍ പ്ലാസ്റ്റിക് കുപ്പികളോട് സാമ്യമുള്ള ഇവ ഭാരം കുറഞ്ഞതുമായിരിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം കുറയ്ക്കുക എന്ന ലക്ഷ്യവുമായാണ് കെഐഐഡിസി ഹില്ലി അക്വാ വിപണിയില്‍ ഇറക്കുന്നത്. സാധാരണയായി കുപ്പിവെള്ള വ്യവസായത്തില്‍ ഉപയോഗിക്കുന്ന കുപ്പികള്‍ക്ക് പകരമായി ഈ കുപ്പി ഉപയോഗിക്കും. കുപ്പിക്ക് പുറമെ ക്യാപ്പ്, ലേബല്‍, പാക്കേജിങ് മെറ്റീരിയലുകള്‍ എന്നിവയും പൂര്‍ണമായും ബയോ ഡിഗ്രേഡബിള്‍ ആണ്.

പൂര്‍ണമായും പ്രകൃതിയോടിണങ്ങുന്ന പോളി ലാക്ടിക്ക് ആസിഡ് പ്രീഫോമുകള്‍ ഉപയോഗിച്ചാണ് ബോട്ടിലുകളുടെ നിര്‍മാണം. പിഎല്‍എ ഉപയോഗിച്ച് ബയോ ബോട്ടിലുകള്‍ നിര്‍മിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ സ്ഥാപനമായി ഇതോടെ ഹില്ലി അക്വാ മാറും. വ്യാവസായിക കമ്പോസ്റ്റിങ് സംവിധാനങ്ങളില്‍ കൃത്യമായ താപനിലയും ഈര്‍പ്പവും ലഭ്യമായാല്‍ ഈ കുപ്പികള്‍ പൂര്‍ണമായും മണ്ണിലലിഞ്ഞു ചേരും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here