

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാതശിശു മരിച്ച സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തതിലും സംഘര്‍ഷത്തില്‍ മെഡിക്കല്‍ സൂപ്രണ്ടിനു പരുക്കേറ്റതിലും പ്രതിഷേധിച്ച് കെജിഎംഒഎ ആരംഭിച്ച സമരത്തില്‍ അയവ് വരുത്താന്‍ തീരുമാനം. ജില്ലാ ആശുപത്രിയിലെ അക്രമവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് സമരത്തില്‍ അയവ് വരുത്താന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടി ബഹിഷ്‌കരിക്കാനുള്ള തീരുമാനം സമരക്കാര്‍ ഉപേക്ഷിച്ചു. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ഒപി നാളെ മുതല്‍ ആരംഭിക്കാനും തീരുമാനിച്ചു. അതേസമയം, ജില്ലയിലാകെ തുടരുന്ന നിസ്സഹകരണ സമരം തുടരാനും തീരുമാനമായി.
ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായും കെജിഎംഒഎ സംസ്ഥാന നേതൃത്വം നടത്തിയ ചര്‍ച്ചകളുടെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പോലും പരിഗണിക്കാതെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ നടപടിയും അംഗീകരിക്കാനാവില്ലെന്ന് കെജിഎംഒഎ വ്യക്തമാക്കി. ആശുപത്രി ആക്രമണത്തിന് ഉത്തരവാദികളായ ബാക്കി കുറ്റവാളികളെക്കൂടി ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍, വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും കെജിഎംഒഎ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രസവ ശസ്ത്രക്രിയയ്ക്കിടെ നവജാത ശിശു മരിച്ച സംഭവമാണ് നിലവിലെ വിവാദങ്ങള്‍ക്ക് അടിസ്ഥാനം. ചികിത്സയില്‍ ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് വിദഗ്ധ സമിതിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് ഡോ. ബിന്ദു സുന്ദറിനെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍, ഈ നടപടി ഏകപക്ഷീയമാണെന്നും മതിയായ തെളിവുകളില്ലാതെയാണ് ഡോക്ടറെ ശിക്ഷിച്ചതെന്നുമാണ് കെജിഎംഒഎയുടെ വാദം.
ഇക്കഴിഞ്ഞ പതിനേഴിനാണ് വിതുര സ്വദേശികളായ എന്‍ കെ നിരഞ്ജന കൃഷ്ണന്റെയും ബിനില്‍ മനോഹറിന്റെയും പെണ്‍കുഞ്ഞ് പ്രസവ ശസ്ത്രക്രിയയില്‍ മരിച്ചത്. പതിനാറിന് പ്രസവത്തിനായി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനേഴിന് പുലര്‍ച്ചെ 4.30ന് ലേബര്‍ റൂമില്‍ കയറ്റി. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പ്രസവം നടന്നില്ലെങ്കില്‍ ശസ്ത്രക്രിയ നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ രണ്ട് മണിയായിട്ടും പ്രസവം നടന്നില്ല. തുടര്‍ന്ന് 2.20 ന് ആബുലന്‍സില്‍ നിരഞ്ജനയെ മറ്റൊരു കെട്ടിടത്തിലെ ഓപ്പറേഷന്‍ തിയറ്ററിലേക്ക് മാറ്റി. ഇവിടെ എത്തി പത്ത് മിനിറ്റിനുള്ളില്‍ ശസ്ത്രക്രിയ കഴിഞ്ഞു. ഇതിന് ശേഷമാണ് ബിനിലിനെ വിളിച്ച് കാര്യം പറയുന്നത്. ഈ സമയം കുഞ്ഞ് മരിച്ചിരുന്നു.










