തുടര്‍ ഭരണം ഉറപ്പാക്കാന്‍ നാട്ടുകാരുടെ പണം ഉപയോഗിക്കുന്നു; നവകേരള സര്‍വേ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചാരണമെന്ന് വി.ഡി സതീശന്‍

0
96

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നവകേരള സര്‍വേക്കെതിരെ ശക്തമായി ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചാരണമാണ് നവകേരള സര്‍വേയെന്നും നാട്ടുകാരുടെ പണം ഉപയോഗിച്ച് തുടര്‍ഭരണം ഉറപ്പാക്കാനാണ് ശ്രമമെന്നും സതീശന്‍ ആരോപിച്ചു. സിപിഐഎമ്മിന്റെ സ്വന്തം ഫണ്ടാണ് തുടര്‍ഭരണം ഉറപ്പാക്കാന്‍ ഉപയോഗിക്കേണ്ടത്. അല്ലാതെ നാട്ടുകാരുടെ നികുതിപ്പണം ഉപയോഗിച്ചല്ലെന്നും സതീശന്‍ വിമര്‍ശിച്ചു. നവകേരള സര്‍വേ തുടരാമെന്ന് സുപ്രീംകോടതി ഇന്ന് ഉത്തരവിട്ടിരുന്നു.

നവകേരള സര്‍വേ റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത സുപ്രീംകോടതി നടപടിക്കെതിരെ സുപ്രീംകോടതിയില്‍ പോകുമെന്ന് സതീശന്‍ വ്യക്തമാക്കി. സ്റ്റേ പിന്‍വലിപ്പിക്കാന്‍ സുപ്രീംകോടതിയില്‍ ഹാജരാകും. സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ ഡാറ്റ ഉപയോഗിച്ച് കോണ്‍ഗ്രസ് ഒരു സര്‍വേയും നടത്തുന്നില്ല.
ഞങ്ങള്‍ ഡാറ്റ ചോര്‍ത്തിയിട്ടുണ്ടെങ്കില്‍ കേസെടുക്കട്ടെയെന്നും വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് ഡേറ്റ ചോര്‍ത്തിയെന്നും വി ഡി സതീശന്‍ ആരോപിച്ചു.

കേരളാ കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് വിസ്മയം ഉണ്ടാകുമ്പോള്‍ ആദ്യം മാധ്യമങ്ങളോട് പറയുമെന്നായിരുന്നു മറുപടി. മധ്യകേരളത്തില്‍ യുഡിഎഫ് വന്‍ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ശമ്പള പരിഷ്‌കരണം അടുത്ത സര്‍ക്കാരിന് ബാധ്യത കൈമാറുകയാണെന്നും അധികാരത്തില്‍ തുടരില്ല എന്ന ഉറപ്പാണ് ഇതിനു പിന്നിലെന്നും വി ഡി സതീശന്‍ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here