

കൊച്ചി: വിവാദ ചിത്രം കേരള സ്റ്റോറി 2 റിലീസിനുള്ള സ്‌റ്റേ നീക്കണമെന്ന ആവശ്യത്തില്‍ ഉത്തരവിടാതെ ഹൈക്കോടതി. റിലീസ് രണ്ടാഴ്ചത്തേക്ക് തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഡിവിഷന്‍ ബെഞ്ച് വിധി പറയുന്നതിനായി മാറ്റി. വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ചിത്രത്തിന്റെ റിലീസ് തടയണമെന്ന് കാണിച്ചുള്ള രണ്ട് റിട്ട് ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ച ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റെ സിംഗിള്‍ ബെഞ്ച് ചിത്രത്തിന്റെ റിലീസ് 15 ദിവസത്തേക്ക് തടയുകയായിരുന്നു. ഇത് ചോദ്യം ചെയ്താണ് നിര്‍മാതാക്കള്‍ ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധര്‍മാധികാരി, പി.വി.ബാലകൃഷ്ണന്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. എന്നാല്‍ റിലീസ് തടഞ്ഞ ഉത്തരവ് റദ്ദാക്കാതിരുന്നതോടെ ചിത്രത്തിന്റെ റിലീസ് ഇനിയും നീളും.
രണ്ടേകാല്‍ മണിക്കൂര്‍ നീണ്ട വാദത്തിനൊടുവിലാണ് ഹര്‍ജി മാറ്റിവയ്ക്കാന്‍ കോടതി തീരുമാനിച്ചത്. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് 15 ദിവസത്തെ സ്റ്റേ അനുവദിച്ചിരുന്നത്. ചിത്രം പ്രഥമദൃഷ്ട്യാ സാമൂഹികാന്തരീക്ഷം മോശമാക്കാന്‍ സാധ്യതയുള്ളതും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് മാര്‍ഗനിര്‍ദേശങ്ങള്‍ മനസിരുത്തി പരിഗണിച്ചില്ലെന്നും കോടതി പ്രഥമദൃഷ്ട്യാ വിലയിരുത്തി.
ഹര്‍ജി നിലനില്‍ക്കില്ലെന്നും കേരളത്തെ മോശമായി കാണിക്കുന്നതൊന്നും ചിത്രത്തിലില്ലെന്നുമാണ് നിര്‍മാതാക്കളുടെ വാദം. ഒരു സാമൂഹിക വിപത്തിനെ തുറന്നു കാട്ടുന്നതാണ് ചിത്രമെന്നും അതിന്റെ പേരില്‍ ഏതെങ്കിലും മതത്തെ മോശമായി കണക്കാക്കാനാവില്ലെന്നും നിര്‍മാതാക്കള്‍ വാദിച്ചു. കേരളത്തില്‍ ഒരു മതത്തിലെ കുറച്ചു പേര്‍ നടത്തുന്ന സാമൂഹിക വിപത്തിനെയാണ് ചിത്രത്തിന്റെ ഒന്നാം ഭാഗത്തു കാണിച്ചത്. ഇപ്പോള്‍ മധ്യപ്രദേശിലേക്കും രാജസ്ഥാനിലേക്കും ഇത് വ്യാപിച്ചു എന്നാണ് രണ്ടാം ഭാഗമെന്നും നിര്‍മാതാക്കള്‍ വാദിച്ചു. സെന്‍സര്‍ ബോര്‍ഡ് മനസ്സിരുത്തി പരിശോധിച്ചില്ല എന്ന വാദം ശരിയല്ല. ചിത്രം പരിശോധിച്ച സെന്‍സര്‍ ബോര്‍ഡ് 15 ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു. ചിത്രത്തില്‍ നിന്ന് 2 മിനിറ്റോളം ഭാഗങ്ങളും നീക്കം ചെയ്തിട്ടുണ്ടെന്നും നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ കേരളത്തില്‍ ജനിച്ച് ഇവിടെ ജീവിക്കുന്ന ആള്‍ എന്ന നിലയില്‍ തന്നെ ബാധിക്കുന്നതാണ് ചിത്രത്തിന്റെ ടീസറിലും ട്രെയിലറിലും കാണിച്ചിരിക്കുന്ന രംഗങ്ങള്‍ എന്ന് ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചവര്‍ പറഞ്ഞു. അത് കേരളത്തെ കുറിച്ച് മോശമായ അഭിപ്രായമുണ്ടാക്കുന്നു എന്നതുകൊണ്ട് തന്നെ അത് വ്യക്തിപരമായി ബാധിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ കോടതിയെ സമീപിക്കാന്‍ അവകാശമുണ്ട്. അതിനാല്‍ ഹര്‍ജി നിലനില്‍ക്കുമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.










