

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കാനെത്തിയ പൊലീസ് സംഘത്തെ തടഞ്ഞ് ഭീഷണിപ്പെടുത്തി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. നഗരൂരിലാണ് സംഭവം. എസ്.ഐ അടക്കമുള്ളവരെ തടഞ്ഞഉ നിര്‍ത്തി ആക്രമിക്കാനും ശ്രമിച്ചു. ഫ്ളക്സ് ബോര്‍ഡുകള്‍ തകര്‍ത്ത സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കാനെത്തിയതില്‍ പ്രകോപിതരായാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസിനെ തടഞ്ഞത്.
നഗരൂര്‍ എസ്ഐ അടക്കം സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി അസഭ്യവര്‍ഷം നടത്തുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരോട് തുടര്‍ച്ചയായി മോശമായി പെരുമാറുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രകോപിതരാവുന്നതും എസ്ഐയെ അടക്കം ആക്രമിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ പൊലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കെഎസ്.യു പ്രവര്‍ത്തകര്‍ ആക്രമിച്ചു പരുക്കേല്‍പിച്ച സംഭവത്തില്‍ പലയിടങ്ങളിലും സിപിഐഎം-ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. ചിലയിടങ്ങളില്‍ സംഘര്‍ഷങ്ങളുണ്ടാകുകയും ഇരുപക്ഷവും ചേരിതിരഞ്ഞ് പോരടിക്കുന്ന സ്ഥിതിയുണ്ടായി. ഇതിന്റെ തുടര്‍ച്ചയായാണ് നഗരൂരില്‍ കോണ്‍ഗ്രസ് ഫ്ളക്സ് ബോര്‍ഡുകള്‍ തകര്‍ക്കപ്പെട്ടത്. പിന്നാലെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത് പോലീസ് കേസുമെടുത്തു. കേസെടുത്തതിന്റെ ഭാഗമായി നോട്ടീസ് നല്‍കാനെത്തിയപ്പോഴാണ് ഇത്തരത്തില്‍ പൊലീസിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്.










