

ടെഹ്‌റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയിക്ക് യു.എസ്-ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ പരുക്കേറ്റതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ സ്റ്റേറ്റ് ടി.വിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, പരുക്ക് സംബന്ധിച്ച വിശദാംശങ്ങളോ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ഇറാനിയന്‍ സ്റ്റേറ്റ് ടി.വി പുറത്തുവിട്ടിട്ടില്ല. റമദാന്‍ യുദ്ധത്തിലെ ജന്‍ബാസ് എന്നാണ് മൊജ്തബ ഖമനയിയെ ഇറാനിയന്‍ ടിവി വിശേഷിപ്പിച്ചത്.
കൊല്ലപ്പെട്ട ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ പിന്‍ഗാമിയായാണ് രണ്ടാമത്തെ മകന്‍ മൊജ്തബ ഖമനേയി പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. ഫെബ്രുവരി 28ന് തെഹ്‌റാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മൊജ്തബയുടെ പിതാവും ഇറാന്‍ പരമോന്നത നേതാവുമായിരുന്ന ആയത്തുള്ള അലി ഖമനേയിയും മാതാവും സഹോദരിയും കുഞ്ഞും അടക്കം കൊല്ലപ്പെട്ടിരുന്നു. ഇത് പിന്നാലെയാണ് ആയത്തുള്ള ഖമനയിയുടെ പിന്‍ഗാമിയായി മൊജ്തബയെ തെരഞ്ഞെടുത്തത്.
88 പുരോഹിതന്മാരടങ്ങിയ വിദഗ്ധ സംഘമായിരുന്നു പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്. നിര്‍ണായകമായ തെരഞ്ഞെടുപ്പിലൂടെ മൊജ്തബ ഖമനേയിയെ ഇറാന്റെ മൂന്നാമത്തെ നേതാവായി നിയമിച്ചതായി അസംബ്ലി ഓഫ് എക്സ്പേര്‍ട്സ് പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.










