റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

0
28

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനം വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മാര്‍ച്ച് നടത്തിയത്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ മുഖത്തു കരി തേച്ച് സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ച് നടത്തി.

സെക്രട്ടേറിയറ്റിനു മുന്നില്‍ ഏഴു ദിവസമായി റിലേ സത്യഗ്രഹം നടത്തുകയാണ് ഉദ്യോഗാര്‍ഥികള്‍. അനുകൂല തീരുമാനം ഉണ്ടാകുന്നതു വരെ സമരം തുടരുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. സെക്രട്ടേറിയറ്റിനു മുന്നില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനു പ്രസാദ് ഉദ്യോഗാര്‍ഥികളെ അഭിസംബോധന ചെയ്തു. എട്ടു ജില്ലകളില്‍ ഒന്നാം റാങ്ക് കിട്ടിയവര്‍ക്കു പോലും ഇതുവരെ നിയമനം നല്‍കുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. അഡൈ്വസ് കിട്ടി ഏഴു മാസം കഴിഞ്ഞിട്ടും ഒരു തുടര്‍നടപടിയും ഉണ്ടാകുന്നില്ലെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു.

ഒഴിവുകള്‍ പെട്ടെന്നു റിപ്പോര്‍ട്ട് ചെയ്യുക, ഡിവിഷന്‍ ഫാള്‍ വരുന്ന സ്‌കൂളുകളിലെല്ലാം നിശ്ചിത അധ്യാപക-വിദ്യാര്‍ഥി അനുപാതം ഏര്‍പ്പെടുത്തുക, റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളെ അര്‍ധസര്‍ക്കാര്‍ സ്‌കൂളുകളില്‍ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here