കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായില്ല; പ്രഖ്യാപനം ചൊവ്വാഴ്ചത്തേക്ക് മാറ്റി; ഒരു തിരക്കുമില്ലെന്ന് സണ്ണി ജോസഫ്

0
28

ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അനിശ്ചിതത്വം തുടരുന്നു. സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും തീരുമാനം ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നും കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് പറഞ്ഞു. ചൊവ്വാഴ്ച കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നുണ്ട്. ഇതിനു ശേഷം ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് തീരുമാനിക്കുന്നത്. കോണ്‍ഗ്രസിന് ഒരു തിരക്കുമില്ലെന്നും കോണ്‍ഗ്രസ് അഖിലേന്ത്യാ പാര്‍ട്ടിയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

ദേശീയ നേതാക്കളുടെ സമയം, മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ക്രമീകരണം, മിശ്രയുടെ ചികിത്സ എന്നിവ നോക്കിയാണ് പ്രഖ്യാപനം. ചൊവ്വാഴ്ച രാഷ്ട്രീയ കാര്യ സമിതി കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. പട്ടികയില്‍ എത്ര പേര്‍ ഉണ്ടാകുമെന്നതെല്ലാം അപ്പോള്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരന്റെ കാര്യം ഹൈകമാന്‍ഡ് തീരുമാനിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. എംപിമാര്‍ മത്സരിക്കുന്ന കാര്യത്തിലും തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്. കേരളത്തില്‍ എല്ലായിടത്തും സിപിഐഎം ആഭ്യന്തര പ്രശ്‌നം നേരിടുകയാണെന്നാണ് സണ്ണി ജോസഫിന്റെ അഭിപ്രായം.

എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നേതാക്കള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമാണെന്നാണ് പുറത്തുവരുന്ന വിവരം. പലമണ്ഡലങ്ങളിലും ഭിന്നാഭിപ്രായമുണ്ട്. തീരുമാനമായ പല മണ്ഡലങ്ങളിലും വീണ്ടും ചര്‍ച്ച നടത്തിയേക്കും. ആദ്യ ഘട്ട പട്ടിക വൈകാന്‍ കാരണം ഈ തര്‍ക്കമാണെന്നാണ് ലഭിക്കുന്ന വിവരം. എംപിമാര്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന സീറ്റുകളിലെ പ്രഖ്യാപനവും വൈകിയേക്കും. കെ സുധാകരന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാകും ഈ സീറ്റുകളില്‍ പ്രഖ്യാപനമുണ്ടാകുക. തീരുമാനം വരുന്നതുവരെ ഈ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here