

തിരുവനന്തപുരം: വിനോദസഞ്ചാരകേന്ദ്രമായ പൊന്‍മുടി റൂട്ടിലേക്ക് കൂടുതല്‍ ബസ് സര്‍വീസുകളുമായി കെഎസ്ആര്‍ടിസി രംഗത്തെത്തുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡിപ്പോകളില്‍ നിന്ന് പൊന്‍മുടിയിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തും. റൂട്ടില്‍ നിലനില്‍ക്കുന്ന യാത്രാപ്രശ്‌നത്തിന് പരിഹാരം കാണുകയാണ് ലക്ഷ്യം.
നെടുമങ്ങാട്, വെഞ്ഞാറമൂട് ഡിപ്പോകളില്‍ല്‍ നിന്നും പൊന്‍മുടിയിലേക്ക് പുതിയ സര്‍വീസുകള്‍ ആരംഭിക്കുകയാണ്. നെടുമങ്ങാട്ട് നിന്നുള്ള സര്‍വീസ് ആരംഭിച്ചപ്പോള്‍ വെഞ്ഞാറമൂട് നിന്ന് ഉടന്‍ സര്‍വീസ് ആരംഭിക്കും. ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, കാട്ടാക്കട, കിളിമാനൂര്‍, തിരുവനന്തപുരം ഡിപ്പോകളില്‍ നിന്നും പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതും പരിഗണനയിലുണ്ട്. ബസുകളുടെ അപര്യാപ്തത മൂലം പൊന്‍മുടിയില്‍ ബസില്‍ എത്തിയ ടൂറിസ്റ്റുകള്‍ക്ക് നിശ്ചിത സമയത്ത് മടങ്ങിപ്പോകാന്‍ കഴിയാതെ പൊന്‍മുടിയില്‍ കുടുങ്ങിയ സംഭവമുണ്ടായിരുന്നു. ഇതേക്കുറിച്ച് പരാതി ഉയര്‍ന്നതോടെയാണ് ഈ പുതിയ തീരുമാനം.
വിതുര,നെടുമങ്ങാട്,നെയ്യാറ്റിന്‍കര ഡിപ്പോകളില്‍ നിന്നായി നാമമാത്രമായ ബസുകളാണ് പൊന്‍മുടി റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. ഇത്തരം സര്‍വീസുകള്‍ ഡിപ്പോകളില്‍നിന്നും നിറയെ യാത്രക്കാരുമായി പുറപ്പെടുമ്പോള്‍ വഴിമധ്യേയുള്ള യാത്രക്കാരെ കയറ്റാനാകാത്ത സ്ഥിതിയുണ്ട്. വിതുര ഡിപ്പോ ഉദ്ഘാടന വേളയില്‍ പൊന്‍മുടിയിലേക്ക് കൂടുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും യാഥാര്‍ത്ഥ്യമായിരുന്നില്ല.
പുതുതായി ആരംഭിച്ച വെള്ളനാട് പൊന്‍മുടി സര്‍വീസ് രാവിലെ 7.15ന് വെള്ളനാട് നിന്നാരംഭിച്ച് ആര്യനാട് വിതുര വഴി 9.25ന് പൊന്‍മുടിയിലെത്തും, തിരിച്ച് 9.35ന് പൊന്‍മുടിയില്‍ നിന്നും മടങ്ങും. വൈകിട്ട്3.20ന് വെള്ളനാട്ട് നിന്നും പുറപ്പെട്ട് 5.30ന് പൊന്‍മുടിയിലെത്തും. 5.40ന് പൊന്‍മുടിയില്‍നിന്നും മടങ്ങി, വിതുര ആര്യനാട് വഴി രാത്രി 7.40ന് വെള്ളനാട്ടെത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.










