അച്ഛനെ കൊന്ന അയല്‍വാസിയെ മകന്‍ വെടിവച്ചു കൊന്നു; തോക്കുമായി സ്‌റ്റേഷനിലെത്തി കീഴടങ്ങി; കൊലയ്ക്കു കാരണം ഏഴുവര്‍ഷം നീണ്ട പക

0
27

കൊച്ചി: അച്ഛനെ കൊലപ്പെടുത്തിയ അയല്‍വാസിയായ മധ്യവയസ്‌കനെ മകന്‍ വെടിവച്ചു കൊലപ്പെടുത്തി. അങ്കമാലി മഞ്ഞപ്രയിലാണ് തിങ്കളാഴ്ച വൈകുന്നേരം ഏഴു മണിയോടെ നാടിനെ നടുക്കിയ സംഭവമുണ്ടായത്. മഞ്ഞപ്ര വടക്കുംഭാഗം സ്വദേശി കിലുക്കന്‍ ജോസ് (55) ആണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ പോളിയാണ് ജോസിനെ വെടിവച്ചു കൊലപ്പെടുത്തിയത്. പോളി പിന്നീട് തോക്കുമായി അയ്യമ്പുഴ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഏഴു വര്‍ഷം മുമ്പ് പോളിയുടെ പിതാവ് കാളാപറമ്പന്‍ ജോസിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് മരിച്ച കിലുക്കന്‍ ജോസ്.

തിങ്കളാഴ്ച വൈകുന്നേരം കാലടി-അയ്യമ്പുഴ അതിര്‍ത്തിയിലെ കോതായി തോട്ടില്‍ കുളിക്കുകയായിരുന്ന ജോസിനു നേര്‍ക്ക് പോളി വെടിവയ്ക്കുകയായിരുന്നു എന്നാണ് വിവരം. കാലടി സ്റ്റേഷന്‍ പരിധിയിലാണ് കൊലപാതകം നടന്നതെങ്കിലും പ്രതി അയ്യമ്പുഴ സ്റ്റേഷനില്‍ തോക്കുമായി കീഴടങ്ങുകയായിരുന്നു. അയ്യമ്പുഴ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം കേസ് കാലടിയിലേക്ക് മാറ്റുമെന്ന് മാറ്റുമെന്ന് പൊലീസ് വ്യക്തമാക്കി.

ബാങ്കുകളിലേക്കും മറ്റും പണം കൊണ്ടുപോകുന്ന സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പോളി. ഈ ജോലിയുടെ ഭാഗമായി ലഭിച്ചിട്ടുള്ള ലൈസന്‍സുള്ള തോക്കുപയോഗിച്ചാണ് വെടിവച്ചത്. ജോസിന്റെ പുറത്താണ് വെടി കൊണ്ടത്. വഴിയുമായി ബന്ധപ്പെട്ടുണ്ടായ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നാണ് ഏഴു വര്‍ഷം മുമ്പ് കാളാപറമ്പന്‍ ജോസ് കൊല്ലപ്പെട്ടത്. വാക്കുതര്‍ക്കം കയ്യാങ്കളിയായി മാറുകയും പിന്നാലെ കിലുക്കന്‍ ജോസ് കപ്പയുടെ കടഭാഗം കൊണ്ട് അടിച്ചതിനെ തുടര്‍ന്ന് ജോസ് മരിക്കുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. കേസില്‍ ജോസിനെ ശിക്ഷിച്ചെങ്കിലും ശിക്ഷ കുറവായതിനെ തുടര്‍ന്ന് അപ്പീല്‍ അടക്കമുള്ള നിയമനടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ കൊലപാതകം ഉണ്ടായിരിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here