

തിരുവനന്തപുരം: വേനല്‍ചൂടും ഉത്സവ പെരുന്നാള്‍ തിരക്കും കൂടിയായതോടെ ഐസ്‌ക്രീം വിപണിയില്‍ കച്ചവടം പൊടിപൊടിക്കുന്നു. കനത്ത ചൂടില്‍ നിന്ന് ആശ്വാസം തേടി അല്‍പം കുളിര്‍മയ്ക്കായി ഐസ്‌ക്രീം വാങ്ങിക്കഴിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. വിവിധതരം ഐസ്‌ക്രീം ബ്രാന്‍ഡുകളാണ് വില്‍പനയ്ക്കായി വ്യത്യസ്ത രുചികളില്‍ വിപണിയിലുള്ളത്. സാധാരണ ഐസ്‌ക്രീമുകള്‍ക്കൊപ്പം ഫ്രൂട്ട് ബാര്‍, ചോക്കോ ബാര്‍, കോണ്‍, കുല്‍ഫി എന്നിവയും സ്ഥാനം പിടിച്ചിട്ടുണ്ട്.
10 മുതല്‍ 50 രൂപ വരെയുള്ള ഐസ്‌ക്രീമുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. വേനലായതോടെ ഫാമിലി പാക്കുകളുടെ ആവശ്യവും കൂടിയിട്ടുണ്ട്. വാനില ഐസ്‌ക്രീമുകളോടാണ് ആളുകള്‍ക്ക് ഇഷ്ടം കൂടുതല്‍. സിപ്പ് അപ്പിനെ ഓര്‍മിപ്പിക്കുന്ന ‘സിപ്പി, ബാറുകള്‍, കോണുകള്‍ എന്നിവയ്ക്കും മില്‍ക്കീസ്, ഫ്രൂട്ടിക്കിള്‍ എന്നിവയ്ക്കും ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ട്,.
ഡിസംബര്‍ മുതല്‍ തന്നെ ഐസ്‌ക്രീം വിപണി സജീവമായിരുന്നു. ഉത്സവ പറമ്പുകളില്‍ കമ്പനി നേരിട്ട് എത്തിച്ചുകൊടുക്കുന്നതിനാല്‍ റിസ്‌കും കുറവാണ്. കച്ചവടക്കാര്‍ക്ക് ലാഭവും കൂടുതലാണ്. ഇനി മേയ് വരെ തിരിഞ്ഞു നോക്കേണ്ടതില്ലെന്നാണ് നിഗമനം. ഐസ്‌ക്രീം വിപണിയില്‍ സാന്നിദ്ധ്യം ശക്തമാക്കാനായി വെറൈറ്റികള്‍ പരീക്ഷിക്കുകയാണ് മില്‍മ. കുല്‍ഫിയടക്കം ജനപ്രിയമായതോടെ കൂടുതല്‍ പരീക്ഷണങ്ങള്‍ വിപണിയിലെത്തുന്നുണ്ട്.










