
തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറുടെ ശുപാർശ പ്രകാരം ഡിജിപി ഇതു സംബന്ധിച്ച ഉത്തരവിറക്കി.
ഇതോടൊപ്പം കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണ ഉദ്യോഗസ്ഥനെ ക്രൈം ബ്രാഞ്ച് മേധാവി തീരുമാനിക്കും. ഏപ്രിൽ പത്തിനാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിൻ നേരത്തെ പറഞ്ഞതായാണ് കുടുംബത്തിന്റെ ആരോപണം.
ഡെന്റൽ കോളേജിലെ അധ്യാപകരായ ഡോ എം കെ റാമും സംഗീത നമ്പ്യാരുമാണ് കേസിലെ പ്രതികൾ. ആത്മഹത‍്യാപ്രേരണാ കുറ്റം, എസ്‌സി- എസ്ടി വകുപ്പും ചുമത്തിയായിരുന്നു ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത എന്നിവർക്കെതിരേ കേസെടുത്തിരുന്നത്.







