തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങൽ ദേശീയപാതയിൽ കാറും ടൂറിസ്റ്റ് ബസും കൂട്ടിടിയിച്ച് അപകടം. ഇന്ന് രാവിലെ 8:45ഓടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റതായി റിപ്പോർട്ട്. ഡ്രൈവറെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആറ്റിങ്ങൽ മാമം പാലത്തിനു സമീപം വച്ചാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ ആലപ്പുഴ സ്വദേശിയുടെ സെലേറിയോ കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. കാർ എതിർ ദിശയിൽ വന്ന ടൂറിസ്റ്റ് ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് ഇടിയുടെ ആഘാതത്തിൽ കറങ്ങി തിരിഞ്ഞ് കാറിനു പിന്നാലെ വന്ന മറ്റൊരു ആൾട്ടോ കാറിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്ന നിലയിലാണ്.
പൂവാറിൽ നിന്ന് ഇടത്വായിലേക്ക് തീർത്ഥാടകരെയും കൊണ്ടുപോയ ടൂറിസ്റ്റ് ബസിലേക്കാണ് കാർ ഇടിച്ചു കയറിയത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തി റോഡിൽ ഉണ്ടായിരുന്ന ഓയിലും മറ്റും വെള്ളമൊഴിച്ചു നീക്കി.
സമാനമായി ഇന്നലെ രാത്രിയും ആറ്റിങ്ങലിൽ അപകടം സംഭവിച്ചിരുന്നു. ചാത്തൻപാറ ജംഗ്ഷനു സമീപമാണ് ഇന്നലെ അപകടം നടന്നത്. ഇന്നോവ കാർ നിയന്ത്രണം വിട്ട് പിക്കപ്പ് വാനിൽ ഇടിച്ചാണ് അപകടം നടന്നത്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്കുകൾ ഗുരുതരമല്ല. ഇന്നലെ രാത്രി 10:20 ഓടെയാണ് അപകടം നടന്നത്.
എറണാകുളം ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോയ ഇന്നോവ കാറാണ് നിയന്ത്രണം വിട്ട് അതേ ദിശയിൽ പോയ പിക്കപ്പ് വാനിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൻ്റെ നിയന്ത്രണം വിട്ട് റോഡ് വശത്തെ തട്ടുകടയുടെ ബോർഡും തകർത്ത് അടുത്തുള്ള പോസ്റ്റിൽ ഇടിച്ചു നിന്നു. കാറിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തട്ടുകടയിൽ നിന്നും ഭക്ഷണം കഴിക്കാൻ ഡ്രൈവർ പിക്കപ്പ് വാഹനം ഒതുക്കി നിർത്തുന്നതിനിടയ്ക്കാണ് കാർ വന്ന് വാഹനത്തിൽ ഇടിച്ചത്.