ഡൽഹി: ഡൽഹിയിലെ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. മൂന്ന് സ്കൂളുകൾക്കാണ് ഭീഷണി സന്ദേശം എത്തിയത്. ചാണക്യപുരിയിലെ സംസ്കൃതി സ്കൂൾ, കിഴക്കൻ മറയൂർ വിഹാറിലെ മദർ മേരി സ്കൂൾ,ദ്വാരകയിലെ ഡൽഹി പബ്ലിക് സ്കൂൾ എന്നിവടങ്ങളിലാണ് ഭീഷണി സന്ദേശമെത്തിയത്. ഇമെയിൽ വഴിയാണ് സന്ദേശം എത്തിയത്. സ്കൂളുകളിൽ നിരവധി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് മെയിലിൽ പറയുന്നത്.
സംഭവത്തെ തുടർന്ന് സ്കൂളുകളിൽ നിന്ന് കുട്ടികളെയും മറ്റുള്ളവരെയും ഒഴിപ്പിക്കുകയും ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയും ചെയ്തു. ഇന്നു പുലർച്ചെ 4.15 ന് ആദ്യം ഭീഷണി സന്ദേശമെത്തിയത്. ബോംബ് സ്‌ക്വാഡ് , അഗ്‌നിരക്ഷാസേന എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എന്നാൽ ഈ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഴിഞ്ഞില്ല. ഇതോടെ സന്ദേശം വ്യാജമെന്ന് പോലീസ് വ്യക്തമാക്കി.
ആദ്യം മൂന്ന് സ്കൂളുകൾക്കാണ് ഭീഷണി സന്ദേശം വന്നത്. തുടർന്ന് സമാനമായി ഡൽഹി, നോയിഡ് മേഖലയിലെ 50ലധികം സ്‌കൂളുകൾക്കും സമാനമായ മെയിലുകൾ ലഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ ഇവയെല്ലാം വ്യാജമെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.