ഡൽഹി: ലോക് സഭ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ ഇനി മണിക്കൂറുകളാണ് ബാക്കിയുള്ളത്. എല്ലാ മുന്നണികളും വൻ പ്രതീക്ഷയിലാണ്. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങൾ എൻ ഡി എയ്ക്ക് അനുകൂലമായിട്ടാണ് വന്നിട്ടുന്നത്. അതെ സമയം ഫലമറിയാൽ മണിക്കൂറുകൾ മാത്രം ശേഷിക്കേ വാർത്താസമ്മേളനം വിളിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതാദ്യമായാണ് തെരഞ്ഞെടുപ്പിന്റെ സമാപനത്തെ കുറിച്ച് വ്യക്തമാക്കികൊണ്ട് പത്രസമ്മേളനം വിളിക്കുന്നത്.
64 കോടി പേര്‍ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കി. ആകെ വോട്ട് ചെയ്ത 64.2 കോടി പേരിൽ 31.2 കോടി സ്ത്രീകളായിരുന്നു. മാതൃകാ പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട് കിട്ടിയ 495 പരാതികളിൽ 90 ശതമാനവും പരിഹരിച്ചുവെന്നും തെരഞ്ഞെടുപ്പ് തീര്‍ത്തും സമാധാനപരമായി പൂര്‍ത്തിയാക്കാൻ സാധിച്ചത് ഒരു അത്ഭുതമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മാത്രമല്ല ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിന് ശേഷം അനധികൃതമായി കടത്താൻ ശ്രമിച്ച 1054 കോടി രൂപ പിടിച്ചെടുത്തു. അതോടൊപ്പം പതിനായിരം കോടി രൂപ മൂല്യമുള്ള സാധനങ്ങൾ പിടിച്ചെടുക്കുകയും 4391 കോടി രൂപയുടെ മയക്കുമരുന്നും പിടികൂടുകയും ചെയ്തു.
അതെ സമയം വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടെണ്ണൽ സമയത്ത് 24 മണിക്കൂറും സിസിടിവി നിരീക്ഷണം ഉണ്ടാകും. കൂടാതെ നിരീക്ഷകരുടെ സാന്നിധ്യവും ഉണ്ടാകും. രാജ്യത്താകെ പത്തര ലക്ഷം വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മൂന്ന് തലത്തിൽ സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ടെടുപ്പിന്റെ ഫലം നാളെ രാവിലെ എട്ട് മണി മുതൽ അറിയാൻ സാധിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും വോട്ടർ ഹെൽപ് ലൈൻ ആപ്പിലും തത്സമയം ഫലം അറിയാനാവും.ഇലക്ഷൻ കമ്മീഷന്റെ എൻകോർ സോഫ്റ്റ് വെയറിൽ നിന്ന് തിരഞ്ഞെടുപ്പ് ഫലം https://results.eci.gov.in എന്ന വെബ്സൈറ്റ് വഴിയാണ് തത്സമയം ലഭ്യമാവുക. ഓരോ റൗണ്ട് വോട്ടെണ്ണൽ കഴിയുമ്പോഴും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് എആർഒമാർ തത്സമയം ലഭ്യമാക്കുന്ന ഫലമാണ് വെബ്സൈറ്റിൽ അതത് സമയം ലഭിക്കുക. ആദ്യമായാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ ഇത്തരത്തിൽ രാജ്യത്തെ എല്ലാ മണ്ഡലങ്ങളിൽ നിന്നുള്ള ഫലങ്ങൾ ഏകീകൃത സംവിധാനം വഴി ലഭ്യമാക്കുന്നത്.
ഇലക്ഷൻ കമ്മീഷന്റെ വോട്ടർ ഹെൽപ് ലൈൻ (voter helpline) ആപ്പ് വഴിയും തത്സമയ വിവരം ലഭ്യമാക്കും. ഹോം പേജിലെ ഇലക്ഷൻ റിസൾട്ട്സ് എന്ന മെനുവിൽ ക്ലിക്ക് ചെയ്താൽ ട്രെൻഡ്സ് ആന്റ് റിസൾട്ട്സ് എന്ന പേജിലേക്ക് പോവുകയും ഫലത്തിന്റെ വിശദവിവരങ്ങൾ ലഭിക്കുകയും ചെയ്യും. വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നോ ആപ്പിൾ ആപ് സ്റ്റോറിൽനിന്നോ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.