തിരുവനന്തപുരം: കേരളത്തെ ബാല സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. വീട്, സ്‌കൂൾ, കടകൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങി പൊതു സ്ഥലങ്ങളിലെല്ലായിടത്തും കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. ഇതിലൂടെ കുഞ്ഞുങ്ങളുടെ അവകാശം സംരക്ഷിക്കാനാണ് വനിത ശിശുവികസന വകുപ്പ് പരിശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനവും അങ്കണ പൂമഴ പുസ്തകങ്ങളുടെ പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇത്തവണ 3+, 4+ എന്നിങ്ങനെ പ്രായമനുസരിച്ചുള്ള കൈപുസ്തകങ്ങൾ അങ്കണവാടികൾക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ ഉപയോഗിക്കുന്ന കൈപുസ്തകങ്ങൾ വ്യത്യസ്ത പ്രായത്തിന്റെ അടിസ്ഥാനത്തിൽ ഉപയോഗിക്കത്തക്ക വിധത്തിൽ ശാസ്ത്രീയമായ മാറ്റങ്ങൾ വരുത്തിയാണ് തയാറാക്കിയിട്ടുള്ളത്. ഈ പുസ്തകത്തിലെ ടീച്ചർ പേജ് ക്യു.ആർ. കോഡ് ഉപയോഗിച്ച് ഡിജിറ്റലാക്കി പരിഷ്‌കരിച്ചാണ് പ്രസിദ്ധീകരിച്ചത്. ഇതുകൂടാതെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികൾക്ക് കഥകളും പാട്ടും കാണാനും കേൾക്കാനുമുള്ള സൗകര്യങ്ങളും പുസ്തകത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വികാസത്തിന് ഉന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. അങ്കണവാടികളുടെ ഭൗതിക സാഹചര്യങ്ങൾ മികച്ചതാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 90 സ്മാർട്ട് അങ്കണവാടികൾ നിർമ്മിച്ചു. അങ്കണവാടികളെ ശിശു സൗഹൃദ- ശിശു പരിപോഷണ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും അങ്കണവാടി കെട്ടിടത്തെയും പരിസരത്തെയും ഒന്നാകെ പരിവർത്തനപ്പെടുത്തി. ആകർഷകമായ നിറങ്ങളോട് കൂടിയ ഫർണിച്ചർ, ശിശു സൗഹൃദ ടോയിലറ്റ്, വെർട്ടിക്കൽ ഗാർഡൻ, പച്ചക്കറിത്തോട്ടം, ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള എന്നീ സൗകര്യങ്ങൾ സ്മാർട്ട് അങ്കണവാടികളുടെ പ്രത്യേകതയാണ്. ഇതുകൂടാതെ ചായം പദ്ധതി വഴി ഭിന്നശേഷി കുട്ടികൾക്കായി 142 അങ്കണവാടികളെ സവിശേഷ അങ്കണവാടികളാക്കി മാറ്റുന്നതിന് ഒരു അങ്കണവാടിയ്ക്ക് 2 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്.
ഗർഭാവവസ്ഥ മുതൽ കുഞ്ഞിന് 2 വയസ് തികയുന്നത് വരെയുള്ള 1000 ദിനങ്ങളിൽ കുഞ്ഞിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതിയും നടപ്പിലാക്കി വരുന്നു. അങ്കണവാടി പ്രീ സ്‌കൂൾ കുട്ടികൾക്ക് പോഷണം ഉറപ്പാക്കാനായി പാലും മുട്ടയും കൂടി നൽകി. നിയമവുമായി പൊരുത്തപ്പെടാൻ സാധിക്കാത്ത കുട്ടികളുടെ മാനസികവും ശാരീരികവും സാമൂഹികവുമായ സുസ്ഥിതി ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കാവൽ, കാവൽ പ്ലസ് പദ്ധതികളെ അടുത്തിടെ സുപ്രീം കോടതി അഭിനന്ദിച്ചിരുന്നു. ഇതുകൂടാതെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഫോസ്റ്റർ കെയർ പദ്ധതിയെ യുണിസെഫും അഭിനന്ദിച്ചിരുന്നതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 33115 അങ്കണവാടികളിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, കൗൺസിലർമാരായ കസ്തൂരി എം.എസ്., മീന ദിനേശ്, ജെൻഡർ കൺസൾട്ടന്റ് ടി.കെ. ആനന്ദി, ബിന്ദു ഗോപിനാഥ് എന്നിവർ പങ്കെടുത്തു.