തിരുവനന്തപുരം: എസ് ഡി പി ഐ ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മംഗലാപുരം പോത്തൻകോട് റോഡ് ഉപരോധിച്ചു. മംഗലാപുരം പോത്തൻകോട് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധം സംഘടിപ്പിച്ചത്. വളരെ കാലമായി മംഗലാപുരം പോത്തൻകോട് റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. വൻകുഴികളാണ് റോഡിന്റെ പല ഭാഗങ്ങളിൽ രൂപപ്പെട്ടിട്ടുള്ളത്. നിരവധി അപകടങ്ങളാണ് ദിനംപ്രതി ഇവിടെ നടക്കുന്നത്. നാഷണൽ ഹൈവേ വർക്ക് നടക്കുന്നതുകൊണ്ട് നിലവിൽ ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസേന ഇതുവഴി കടന്നുപോകുന്നത്.
മംഗലാപുരം-പോത്തൻകോട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അധികാരികൾ ഇടപെടണം എന്നാവശ്യപ്പെട്ട് നിരവധി തവണ ഉദ്യോഗസ്ഥരെ സമീപിക്കുകയും നിവേദനം നൽകുകയും ചെയ്തിരുന്നു. റോഡിന്റെ അവസ്ഥ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് മംഗലപുരം ഗ്രാമപഞ്ചായത്തിലും കഴക്കൂട്ടം ബ്ലോക്ക് തലത്തിലും പിഡബ്ല്യുഡി തലത്തിലും ഹൈവേ ഉദ്യോഗസ്ഥന്മാരുമായും പലതവണ ശ്രദ്ധയിൽപ്പെടുത്തിയതാണ്. എന്നാൽ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് റോഡ് ഉപരോധവുമായി എസ് ഡി പി ഐ രംഗത്തെത്തിയത്. റോഡ് ഉപരോധത്തിന് മണ്ഡലം പ്രസിഡന്റ് സുധീർ മുടപുരം, സെക്രട്ടറി റാഫി മംഗലാപുരം എന്നിവർ നേതൃത്വം നൽകി. പ്രവർത്തകരെ മംഗലാപുരം പോലീസ് അറസ്റ്റ് ചെയ്തു നീക്കി.