കോഴിക്കോട്: മംഗളൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. അർജുനെ കണ്ടെത്തുന്നതിനായി നിർണായക വിവരങ്ങൾ ലഭിച്ചെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്.
ലോറിയുടെ എന്ന് സംശയിക്കുന്ന സിഗ്നൽ ലഭിച്ചുവെന്നാണ് വിവരം. ഡീപ്പ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ റോഡിൽ നടത്തിയ റഡാർ സെർച്ചിലാണ് സിഗ്നൽ ലഭിച്ചത്. ലോഹ സാന്നിധ്യത്തിന്റെ സിഗ്നലാണ് ലഭിച്ചത്. എന്നാൽ ഇത് ലോറിയുടെ ആണോ എന്ന് ഉറപ്പില്ല. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
സിഗ്നൽ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ സ്ഥലങ്ങളിലെ മണ്ണ് നീക്കി പരിശോധന നടത്തുകയാണ്. അർജുൻ മണ്ണിനടിയിലായിട്ട് ഇന്ന് ഏഴ് ദിവസം ആയിരിക്കുകയാണ്. മണ്ണ് നീക്കുന്നത് ദുഷ്‌കരമാണെന്നാണ് റിപ്പോർട്ട്. ആറ് ജെസിബികള്‍ ഉപയോഗിച്ചാണ് മണ്ണ് മാറ്റുന്നത്.
8 മീറ്റർ വരെ പരിശോധന നടത്താനാകുന്ന റഡാർ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ഇപ്പോൾ സിഗ്നൽ ലഭിച്ചത്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. അതിനാൽ തന്നെ രക്ഷാപ്രവർത്തനം വെല്ലുവിളിയാണെങ്കിലും ഇപ്പോഴും രക്ഷാ പ്രവർത്തനം ഊർജ്ജിതമാണ്. അര്‍ജുന്‍റെ മൊബൈല്‍ സിഗ്നല്‍ ലഭിച്ച അതേ സ്ഥലത്തു നിന്നാണ് റഡാര്‍ സിഗ്നല്‍ ലഭിച്ചിട്ടുള്ളത്. അതിനാലാണ് ഇപ്പോൾ ലഭിച്ച സിഗ്നൽ ലോറിയുടേത് ആകാം എന്ന നിഗമനത്തിൽ സൈന്യം എത്തിയത്.