തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വെച്ചു. പിടികൂടിയ കാട്ടുപോത്തിനെ ഉള്‍ക്കാട്ടില്‍ തുറന്ന് വിടാനാണ് തീരുമാനം. നിലവിൽ കാട്ടുപോത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ടെക്നോസിറ്റി പരിസരത്താണ് കഴിഞ്ഞ ദിവസം കാട്ടുപോത്ത് ഇറങ്ങിയത്. ഇന്ന് രാവിലെ പിരപ്പൻകോട് ഹാപ്പിലാൻഡിനു സമീപം എത്തിയ കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കുകയായിരുന്നു.
വെടി കൊണ്ട കാട്ടുപോത്ത് കുറച്ചു നേരം വിഭ്രാന്തി കാട്ടി. വിരണ്ടോടിയ കാട്ടുപോത്ത് രണ്ടു മതിലുകൾ തകർത്തു. തുടർന്ന് തെന്നൂർ ദേവി ക്ഷേത്രത്തിനു സമീപം വീഴുകയായിരുന്നു. കോട്ടൂർ ആന സങ്കേതത്തിലെയും പെരിയാർ വന്യജീവി സങ്കേതത്തിലെയും ഡോക്ടർമാർ സ്ഥലത്തുണ്ട്. മൃഗഡോക്ടർ പരിശോധിച്ച് ആവശ്യമെങ്കിൽ ചികിത്സ നൽകും. കാട്ടുപോത്തിനെ പാലോട് വനത്തിൽ കൊണ്ട് വിടാനാണ് തീരുമാനം.