തിരുവനന്തപുരം: വഞ്ചിയൂരിലെ വെടിവയ്പ്പ് കേസിൽ അപ്രതീക്ഷിത ട്വിസ്റ്റ്. വെടിയേറ്റ ഷിനിയുടെ ഭർത്താവ് സുജിത്തിനെതിരെ ബലാത്സംഗത്തിന് പൊലീസ് കേസെടുത്തു. വെടിവയ്പ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടർ ദീപ്തിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുജിത്തിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സുജിത്തിൻ്റെ വീട്ടിൽ കയറി ഭാര്യയെ ആക്രമിക്കാൻ കാരണം വ്യക്തിവൈരാഗ്യമാണെന്ന് പ്രതി ദീപ്തി കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു. തന്നെ പീഡിപ്പിച്ചതിലുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയതെന്ന് ദീപ്തി പോലീസിന് മൊഴി നൽകിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുജിത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഷിനിയുടെ ഭർത്താവ് സുജീത്തും ദീപ്തിയും നേരത്തെ ഒരുമിച്ച് ജോലി ചെയ്തിരുന്നതാണ്. ആ സമയത്തെ അടുപ്പം പിന്നീട് വ്യക്തി വൈരാഗ്യത്തിലേക്ക് മാറുകയായിരുന്നു. ഇരുവരും കൊല്ലത്തെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന സമയം സുജിത്ത് തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് ദീപ്തി മൊഴി നൽകിയിട്ടുണ്ട്. ഇതേ തുടർന്നാണ് ദീപ്തിയുടെ ആക്രമണം.
കഴിഞ്ഞ ദിവസമാണ് കൊല്ലത്തെ ആശുപത്രിയിൽ നിന്ന് ദീപ്തിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച്ച രാവിലെ 11 മണിയോടെയാണ് ആക്രമണം നടന്നത്. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷിനിയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. ആമസോണിൽ നിന്നുള്ള കൊറിയർ നൽകാനെന്ന പേരിലാണ് മുഖം മൂടി ധരിച്ച സ്ത്രീ ഷിനിയെ സമീപിച്ചത്. തുടർന്ന് എയർ ഗൺ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. വഞ്ചിയൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ വച്ചായിരുന്നു സംഭവം നടന്നത്. ഷിനിയുടെ വലുതു കൈയ്ക്ക് പരിക്കേറ്റു.