തിരുവനന്തപുരം : പെരുമാതുറ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് വള്ളം മറിഞ്ഞ് തൊഴിലാളിക്ക് പരിക്ക്. പെരുമാതുറ സ്വദേശി താജുദ്ദീൻ (38) ആണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 6:15 ഓടെയാണ് സംഭവം.
മത്സ്യബന്ധനത്തിനായി പോകവേ ശക്തമായ തിരയിലും ചുഴിയിലുംപ്പെട്ട വള്ളം തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. താജുദ്ദീനൊപ്പം വള്ളത്തിലുണ്ടായിരുന്ന പെരുമാതുറ സ്വദേശികളായ മുഹമ്മദ് ഷാ (28), ഷാഫി (38), എന്നീ തൊഴിലാളികൾ തെറിച്ച് കടലിലേക്ക് വീണെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. വള്ളത്തിലിടിച്ച് നിസ്സാര പരിക്കേറ്റ താജുദ്ദീനെ ചിറയിൻകീഴ് താലൂക്കാശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.
അപകടത്തിൽപ്പെട്ട ഉടനെ മത്സ്യതൊഴിലാളികളും, കോസ്റ്റൽ പോലീസും, ഫിഷറീസ് ഗാർഡുകളും ചേർന്നാണ് കടലിൽ വീണവരെ രക്ഷപ്പെടുത്തിയത്. വള്ളം കടലിലേക്ക് ഒഴുകിപോയെങ്കിലും മറ്റൊരു വള്ളത്തിൽ കെട്ടിവലിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു.പെരുമാതുറ ഒറ്റപ്പന സ്വദേശി സവാദിൻ്റെ ഉടസ്ഥതയിലുള്ള ഫ്രണ്ടസ് എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. വള്ളത്തിനും എഞ്ചിനും കേടുപാടുകമുണ്ടായി.രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു, തിങ്കളാഴ്ചയും മണൽ തിട്ടയിലിടിച്ച് വള്ളം മറിഞ്ഞ് അപകടമുണ്ടായിരുന്നു.