വായനാട്: വയനാട്ടിലെ ദുരന്തഭൂമിയിലെ മാലിന്യ സംസ്കരണത്തിലും കേരളം പുതിയ മാതൃക സൃഷ്ടിച്ചുവെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ദുരന്ത മേഖലയിൽ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നുമായി ഇതുവരെ നീക്കിയത് 81.64 ടൺ ഖരമാലിന്യവും, 106.35 കിലോ ലിറ്റർ ദ്രവ മാലിന്യവുമാണ്. ഇതിൽ 10.6 ടൺ ജൈവമാലിന്യവും, 49.47 ടൺ അജൈവ മാലിന്യവും, 0.3 ടൺ സാനിറ്ററി മാലിന്യവും, 2.64 ടൺ ബയോമെഡിക്കൽ മാലിന്യവും, 18.63 ടൺ തുണി മാലിന്യവും, 106.35 കിലോ ലിറ്റർ ശുചിമുറി മാലിന്യവുമുണ്ട്.
ദുരന്തഭൂമിയിലെ മാലിന്യപ്രശ്നത്തെ വളരെ ഗൗരവമായി സമീപിക്കുകയും, ഫലപ്രദമായും കാര്യക്ഷമമായും പരിഹാരം കാണാനും കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. ഹരിതകർമ്മസേനാംഗങ്ങളും ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരുമടക്കം 2850ഓളം പേർ ശുചീകരണപ്രവർത്തനത്തിൽ ഇതുവരെ പങ്കാളികളായിട്ടുണ്ട്. ശുചിത്വ മിഷന്റെയും ക്ലീൻ കേരളാ കമ്പനിയുടെയും നേതൃത്വത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടെയമാണ് ഈ പ്രവർത്തനങ്ങളെല്ലാം. ജൈവ-അജൈവ മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയമായ സംവിധാനങ്ങൾ, ശുചിമുറി മാലിന്യത്തിന്‍റെ ശാസ്ത്രീയമായ സംസ്കരണം, സാനിറ്ററി, ബയോ മെഡിക്കൽ മാലിന്യങ്ങളുടെ പരിപാലനം, ഹരിത ചട്ട പാലനം എന്നിവഎല്ലാം ഫലപ്രദമായി നടക്കുന്നു. എല്ലാ ദിവസവും ക്ലീൻ കേരള കമ്പനിയുടെയും 150 ഓളം വരുന്ന സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടെ ക്ലീൻ ഡ്രൈവുകള്‍ ദുരന്ത മേഖലയിലും അനുബന്ധ പ്രദേശങ്ങളിലും സംഘടിപ്പിച്ചു വരുന്നു.
ഈ പ്രവർത്തനങ്ങൾക്കാകെ നേതൃത്വം നൽകിയ ശുചിത്വമിഷനെയും ക്ലീൻ കേരളാ കമ്പനിയെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെയും മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. ഹരിതകർമ്മസേനാംഗങ്ങളും സന്നദ്ധപ്രവർത്തകരും ഈ പ്രവർത്തനങ്ങളിൽ സുപ്രധാന പങ്കാണ് വഹിച്ചത്. ദുരന്തമുണ്ടായ പ്രദേശത്തെ മാലിന്യം നീക്കം ചെയ്യാൻ വേണ്ടിയുള്ള ഫീൽഡ് വിസിറ്റ് നടക്കുകയാണെന്നും ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ ഒരു ശുചീകരണ പ്ലാൻ ഉടൻ തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.