തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആഗോള വാഹനസോഫ്ട്‍വെയർ നിർമാതാക്കളായ ആക്സിയ ടെക്‌നോളജീസിന് കൂടുതൽ വിശാലമായ പുതിയ ആസ്ഥാനകേന്ദ്രം ടെക്‌നോപാർക്കിൽ ഒരുങ്ങുന്നു. ഫേസ് 3യിലെ എംബസി ടോറസ് ടെക് സോണിൽ സ്ഥിതി ചെയ്യുന്ന പുതിയ കേന്ദ്രത്തിൽ ഗവേഷണത്തിനും വികസനത്തിനുമുള്ള സൗകര്യങ്ങളുമുണ്ട്. ഓഗസ്റ്റ് 22ന് രാവിലെ 10:30ന് നടക്കുന്ന ചടങ്ങിൽ വ്യവസായ, നിയമ, കയർ മന്ത്രി പി. രാജീവ് പുതിയ ഓഫിസ് ഉദ്ഘാടനം ചെയ്യും.
മുൻ മന്ത്രിയും നിലവിൽ നിയമസഭാ അംഗവുമായ കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനാകും. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐഎഎസ്, ഐടി സെക്രട്ടറി രത്തൻ യു. കേൾകർ ഐഎഎസ്, ബിഎംഡബ്ള്യു ഗ്രൂപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന സ്റ്റെഫാൻ ജുറാഷെക്ക് (നിലവിൽ ആക്‌സിയയുടെ നയതന്ത്ര ഉപദേഷ്ടാവാണ് അദ്ദേഹം), ടെക്‌നോപാർക് സിഇഒ കേണൽ സഞ്ജീവ് നായർ, കെ.എസ്.യു.എം സിഇഒ അനൂപ് അംബിക, ടോറസ് ഇൻവെസ്റ്മെന്റ് ഹോൾഡിങ് ഇന്ത്യ എംഡിയും സിഇഒയുമായ അജയ് പ്രസാദ് തുടങ്ങിയ വിശിഷ്ട വ്യക്തികൾ ചടങ്ങിൽ മുഖ്യാതിഥികളായി എത്തും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലോടുന്ന വാഹനങ്ങളിലെ ഡിജിറ്റൽ കോക്ക്പിറ്റുകളും ഡിസ്പ്ളേകളും ഇ-മൊബിലിറ്റി, ടെലിമാറ്റിക്സ് തുടങ്ങിയ സംവിധാനങ്ങളും പ്രവർത്തിപ്പിക്കുന്ന സോഫ്ട്‍വെയറുകൾ നിർമിക്കുന്ന കമ്പനിയാണ് ആക്സിയ ടെക്‌നോളജീസ്. പ്രവർത്തനം തുടങ്ങിയിട്ട് വിജയകരമായ 10 വർഷങ്ങൾ പിന്നിടുമ്പോഴാണ് കമ്പനി പുതിയൊരു നിർണായക ചുവടുവെയ്പ്പിലേക്ക് കടക്കുന്നത്. ആയിരം ജീവനക്കാർക്ക് ജോലി ചെയ്യാനാകുന്ന പുതിയ ഓഫീസ്, അടുത്ത കുറെയേറെ വർഷക്കാലം കമ്പനിക്ക് പ്രവർത്തിക്കാനും വളർച്ച കൈവരിക്കാനും ഉതകുന്നതാണ്. ആഗോളതലത്തിൽ തന്നെ വൈദ്യുതോർജ്ജത്തിൽ ഓടുന്ന വാഹനങ്ങളും സോഫ്ട്‍വെയർ അധിഷ്ഠിത ഗതാഗത സംവിധാനങ്ങളും പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ള (കണക്ടഡ്) കാറുകളും അഭൂതപൂർവമായ വളർച്ചയാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്.
ഇതിലൂടെ, വാഹനനിർമാതാക്കളുമായി സഹകരിച്ച് ആക്സിയ ടെക്‌നോളജീസ് പോലെയുള്ള കമ്പനികൾക്ക് വൻ വളർച്ചയ്ക്കുള്ള അവസരങ്ങളാണ് തുറക്കുന്നത്. വാഹനങ്ങൾ ഓടിക്കുന്നവർക്കും യാത്രക്കാർക്കും മെച്ചപ്പെട്ട യാത്രാനുഭവവും സുരക്ഷയും സുഖവും ഉറപ്പുവരുത്തുന്നതാണ് ആക്‌സിയയുടെ സോഫ്ട്‍വെയർ.
2014ൽ കേരളത്തിൽ നിന്നും ഒരു സ്റ്റാർട്ടപ്പെന്ന നിലയിൽ തുടങ്ങി ഇന്ന് ലോകോത്തര വാഹനനിർമാതാക്കളുടെ വിശ്വസ്ത സോഫ്ട്‍വെയർ കമ്പനിയായി മാറാൻ ആക്‌സിയക്ക് കഴിഞ്ഞതിൽ അത്യധികം ചാരിതാർഥ്യമുണ്ടെന്ന് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ജിജിമോൻ ചന്ദ്രൻ പറഞ്ഞു.
ഇന്ന് അമ്പത് ലക്ഷത്തോളം വാഹനങ്ങൾ ആക്സിയ സൃഷ്‌ടിച്ച സോഫ്ട്‍വെയർ ഉപയോഗിച്ചാണ് ചലിക്കുന്നത്. തിരുവനന്തപുരത്ത് ലഭ്യമായ ലോകോത്തര സാങ്കേതികവിദ്യകളോടും ഗവേഷണസംവിധാനങ്ങളോടും കേരളത്തിലെ നിപുണരായ എഞ്ചിനീയർമാരോടും കമ്പനി കടപ്പെട്ടിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പുതിയ ഓഫിസിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് തിരുവന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീറിങ്ങിൽ പ്രത്യേക “യൂത്ത് കണക്ട്” പരിപാടിയും ആക്സിയ ടെക്‌നോളജീസ് സംഘടിപ്പിക്കും. ബിഎംഡബ്ള്യുവിൽ ദീർഘകാലം സേവനമനുഷ്ഠിച്ച മുതിർന്ന ഉദ്യോഗസ്ഥനും ആക്സിയ ടെക്‌നോളജീസിന്റെ നിലവിലെ നയതന്ത്ര ഉപദേഷ്ടാവുമായ സ്റ്റെഫാൻ ജുറാഷെക്ക് വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളുമായി സംവദിക്കും.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക് ആൻഡ് ഇലക്ട്രിക്കൽ എഞ്ചിനീറിങ് (ഐ.ഇ.ഇ.ഇ), സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എഞ്ചിനീയർസ് (എസ്.എ.ഇ) ഇന്ത്യ എന്നിവയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. പുതുതലമുറ എഞ്ചിനീയർമാരെയും പുതുമകൾ കണ്ടെത്തുന്നവരെയും പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ലക്‌ഷ്യം.