തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ഇന്നലെ ആരംഭിച്ച വൈദ്യുതി പ്രതിസന്ധി പരിഹരിച്ചു. ഇന്നലെ വൈകുന്നേരം മുതലാണ് വൈദ്യുതി തരാർ ഉണ്ടായത്. മൂന്ന് മണിക്കൂർ നേരം ആശുപത്രി പൂർണ്ണമായും ഇരുട്ടിലായിരുന്നു.
കെഎസ്ഇബി ട്രാൻസ്ഫോർമർ തകരാറിലായതാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്നാണ് എസ്എടി അധികൃതരുടെ വാദം. എന്നാൽ സപ്ലൈ തകരാർ കൊണ്ടല്ല വൈദ്യുതി മുടങ്ങിയതെന്നാണ് കെ എസ് ഇ ബി പറയുന്നത്. എന്തായാലും വൈകിട്ട് ഏഴര മുതൽ കുഞ്ഞുങ്ങളും അമ്മമാരും കനത്ത ഇരുട്ടിലാണ് ആശുപത്രിയിൽ കഴിഞ്ഞത്. മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിലാണ് അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാർ രോഗികളെ പരിശോധിച്ചത്.
സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ആരോഗ്യമന്ത്രി വീണ ജോർജ്. മാത്രമല്ല അടിയന്തര ഇടപെടലിന് ബാലാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. വൈദ്യുതി തടസ്സപ്പെട്ടപ്പോള്‍ തുടക്കത്തില്‍ തന്നെ ക്രമീകരണം ഒരുക്കാത്തതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തില്‍ ബാലാവകാശ കമ്മിഷന്‍ വിശദമായ അന്വേഷണം നടത്തും.