തോന്നയ്ക്കൽ: കണിയാപുരം ഉപജില്ലാ സ്കൂൾ കലോത്സവം ഒക്ടോബർ 25, 28, 29, 30 തീയതികളിൽ തോന്നയ്ക്കൽ ഗവ:എൽ.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി നടക്കും. പതിനയ്യായിരത്തിലധികം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ മാറ്റുരയ്ക്കുന്ന പ്രതിഭാ മാമാങ്കത്തിന്റെ സുഗമമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. കലോത്സവത്തിന്റെ ചെയർപേഴ്സൺ ആയി മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമയും മുഖ്യ രക്ഷാധികാരിയായി ചിറയിൻകീഴ് എം.എൽ.എ വി.ശശി യും സഹ രക്ഷാധികാരിയായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ കെ. വേണുഗോപാലൻ നായർ എന്നിവരെയും ചുമതലപ്പെടുത്തി. കലോത്സവ സംഘാടകസമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ വിവിധ കമ്മിറ്റികളും രൂപീകരിച്ചു.
കണിയാപുരം എ.ഇ.ഒ ആർ. എസ് ഹരികൃഷ്ണന്റെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജെസ്സി ലാൽ സ്വാഗതം പറഞ്ഞു. എസ്.എം.സി ചെയർമാൻ ജി.ജയകുമാർ, കണിയാപുരം ബി.പി.സി ബി ഉണ്ണികൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് സുധീർ, എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് സജീനബീവി വാർഡ് മെമ്പർ ബിന്ദു, ബാബു പോത്തൻകോട്, വാർഡ് മെമ്പർ ബീന, ഗോപകുമാർ, തോന്നയ്ക്കൽ രവി, ജദീഷ് തോന്നയ്ക്കൽ, സുജേതകുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സുജിത്ത് നന്ദിയും പറഞ്ഞു.