തിരുവനന്തപുരം: ശബരിമല റോപ് വേ പദ്ധതി നടപ്പിലാക്കുമ്പോൾ പരിഹാര വനവത്ക്കരണത്തിനുള്ള ഭൂമി ഈ മാസം 23 ന് മുൻപ് നിർദേശിക്കാൻ വനം വകുപ്പ് ഉദ്യാഗസ്ഥരെ ചുമതലപ്പെടുത്തി. ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ, വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.
ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്തും യോഗത്തിൽ പങ്കെടുത്തു. ദേവസ്വം, വനം, റവന്യൂ ഉദ്യോഗസ്ഥർ ഒന്നിച്ചിരുന്ന് ചർച്ച നടത്തി നിയമ പ്രശ്‌നങ്ങളും തർക്കങ്ങളും ഇല്ലാതെ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയത്.
2.7 കിലോമീറ്റർ ദൂരത്തിലാകും നിർദിഷ്ട റോപ് വേ നിർമിക്കുക. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള നിർമാണമാണ് ഉദ്ദേശിക്കുന്നത്. ഈ മണ്ഡലകാലത്തു തന്നെ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതുണ്ടെന്നും നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും മന്ത്രി യോഗത്തിൽ വ്യക്തമാക്കി.