തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നടന്ന മോഷണ കേസിൽ പ്രതിയുടെ മൊഴി പുറത്ത്. നിവേദ്യപ്പാത്രം മോഷ്ടിച്ചതല്ലെന്നാണ് പ്രതി പറയുന്നത്. ഉരുളി ക്ഷേത്രം ജീവനക്കാരനാണ് നൽകിയതെന്നും അതുമായി പുറത്തേക്ക് പോയപ്പോൾ ആരും തടഞ്ഞില്ലെന്നും പ്രതിയുടെ മൊഴിയിൽ പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ക്ഷേത്രത്തിൽ നിന്നും ഉരുളി മോഷണം പോയത്. അതീവ സുരക്ഷ മേഖലയിലാണ് മോഷണം നടന്നത്. 15നാണ് ക്ഷേത്രം ഭാരവാഹികൾ പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഹരിയാന സ്വദേശികളാണ് പ്രതികളെന്ന് കണ്ടെത്തിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരിയാനയിൽ നിന്ന് രണ്ട് സ്ത്രീകളും ഒരു പുരുഷനുമടക്കമുള്ള സംഘത്തെ കേരള പൊലീസ് പിടി കൂടിയത്. ഓസ്ട്രേലിയൻ പൗരത്വമുള്ള ഡോക്റ്റർ ഗണേഷ് ഝായുടെ മൊഴിയാണ് ഇപ്പോൾ പുറത്തുവന്നത്. ഉരുളി കൊണ്ടുപോകുന്നത് ആരെങ്കിലും തടഞ്ഞിരുന്നുവെങ്കിൽ ഉരുളി മടക്കി നൽകുമായിരുന്നുവെന്നും പ്രതി പറയുന്നു.