ഡൽഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷം. 481 ആണ് എയർ ക്വാളിറ്റി ഇൻഡക്സ് . വായു മലിനീകരണം ഏറ്റവും കൂടിയ രണ്ടാമത്തെ നഗരമായി മാറിയിരിക്കുകയാണ് ഡൽഹി. ഇതോടെ കടുത്ത നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.
അനിവാര്യമല്ലാത്ത എല്ലാ നിർമ്മാണ, പൊളിക്കൽ ജോലികളും നിർത്തിവെക്കാൻ ഉത്തരവിറക്കി. മാത്രമല്ല ഇലക്ട്രിക് അല്ലാത്ത ബസുകൾ നിരത്തിലിറക്കരുതെന്നും അറിയിപ്പ് നൽകി. എപ്പോൾ വേണമെങ്കിലും രോഗങ്ങൾ പിടികൂടാമെന്ന അവസ്ഥയിലാണ് ഇവിടുത്തെ നിവാസികൾ.
വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസിനും നിർദേശിച്ചു. ഇന്ന് മുതല്‍ അന്യസംസ്ഥാന ബസ്സുകള്‍ക്ക് ഡൽഹി നഗരത്തിലേക്ക് പ്രവേശനമില്ല. കൂടാതെ ബിഎസ്-3 പെട്രോള്‍ വാഹനങ്ങള്‍ക്കും നിരോധനമുണ്ട്. ഡൽഹിയിൽ തന്നെ ജഹാംഗിർപുരിയിലാണ് മലിനീകരണം ഏറ്റവും ഉയർന്ന് നിൽക്കുന്നത്. പൊടി ഇല്ലാതാക്കാൻ കൂടുതൽ യന്ത്രവത്കൃത റോഡ് സ്വീപ്പിംഗ്, വെള്ളം തളിക്കൽ യന്ത്രങ്ങൾ വിന്യസിക്കാനും തീരുമാനമായി.
മാത്രമല്ല എല്ലാവരും തികഞ്ഞ ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടണമെന്നും മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. ആളുകൾ കഴിയുന്നത്ര വീടിനുള്ളിൽ തന്നെ കഴിയാൻ ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.