തിരുവനന്തപുരം: വെല്ലുവിളികള്‍ നേരിടുന്നതിനും ബിസിനസില്‍ മികച്ച അവസരങ്ങള്‍ സാധ്യമാക്കുന്നതിനും സ്ഥാപനങ്ങളെ സജ്ജമാക്കുന്നതിനായി ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ കൂട്ടായ്മയായ എച്ച്ആര്‍ ഇവോള്‍വ് നവംബര്‍ 21 ന് ടെക്നോപാര്‍ക്കില്‍ ഏകദിന സമ്മേളനം സംഘടിപ്പിക്കുന്നു.
‘ഊര്‍ജ്ജസ്വലമായ പുതുമയ്ക്കൊപ്പം ഭാവി രൂപപ്പെടുത്തല്‍’ എന്നതാണ് ‘എലവേറ്റ് 24’ എന്ന് പേരിട്ടിരിക്കുന്ന സമ്മേളനത്തിന്‍റെ പ്രമേയം. കാലാനുസൃതവും നൂതനവുമായ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കാന്‍ നേതൃഗുണമുള്ളവരെ മുന്‍പന്തിയില്‍ അണിനിരത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
ടെക്നോപാര്‍ക്കിലെ മാനവവിഭവശേഷി രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് തയ്യാറെടുക്കുന്നവരുടെയും എച്ച്ആര്‍ പ്രൊഫഷണലുകളുടെയും കൂട്ടായ്മയാണ് എച്ച്ആര്‍ഇവോള്‍വ്. ജി ടെക്ക്, മ്യുലേണ്‍ എന്നിവയ്ക്ക് കീഴിലാണ് ഇതിന്‍റെ പ്രവര്‍ത്തനം.
ടെക്നോപാര്‍ക്കിലെ പാര്‍ക്ക് സെന്‍ററില്‍ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സമ്മേളനത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട), കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) സിഇഒ അനൂപ് അംബിക, ഹൈപവര്‍ ഐടി കമ്മിറ്റി അംഗം ദിനേശ് തമ്പി, ടാറ്റ എല്‍ക്സി സെന്‍റര്‍ ഹെഡും ജി ടെക് സെക്രട്ടറിയുമായ ശ്രീകുമാര്‍ വി, ഫയ എംഡി ദീപു എസ് നാഥ് എന്നിവര്‍ പങ്കെടുക്കും.
കോര്‍സ്റ്റാക്ക് ഐഎന്‍സി സിപിഒയും ഇന്‍ഡിഗോ, ആമസോണ്‍, എപാക് ആന്‍ഡ് എംഇ, ജിഇ ഇന്ത്യ എന്നിവിടങ്ങളിലെ മുന്‍ എച്ച്ആര്‍ ലീഡറുമായിരുന്ന രാജ് രാഘവന്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും.
സാങ്കേതികവിദ്യ, തൊഴില്‍ശക്തിയുടെ പരിവര്‍ത്തനം, പെരുമാറ്റ രീതികളെ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങള്‍ തുടങ്ങിയവയുടെ സങ്കീര്‍ണതകള്‍ മനുഷ്യത്വമാര്‍ന്ന സമീപനത്തിലൂടെ നേരിടുന്നതിന് നേതൃനിരയിലുള്ളവരെ പ്രാപ്തരാക്കുന്നതിനാണ് സമ്മേളനം ശ്രദ്ധ പതിപ്പിക്കുന്നത്.
വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ നയിക്കുന്ന സെഷനുകളും പാനല്‍ ചര്‍ച്ചയും സമ്മേളനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫ്രാക്ടല്‍ അനലിറ്റിക്സ് ആന്‍ഡ് ചെയര്‍മാന്‍, ഫൈനല്‍ മൈന്‍ കണ്‍സള്‍ട്ടിംഗ് ചീഫ് ഇവാഞ്ചലിസ്റ്റ് ബിജു ഡൊമിനിക് ‘ന്യൂറോസയന്‍സിന്‍റെ കാഴ്ചപ്പാടില്‍ മനുഷ്യ സ്വഭാവത്തെ നിര്‍ണയിക്കല്‍’ എന്ന വിഷയത്തില്‍ സംസാരിക്കും. മാജിക് ഓഫ് ചേഞ്ച് സ്ഥാപകനും ഉപദേഷ്ടാവുമായ മാജിക്കല്‍ റാഫി ‘ഭാവിയിലേക്ക് മനസിനെ പാകപ്പെടുത്തല്‍’ എന്ന വിഷയത്തില്‍ ചിന്തകള്‍ പങ്കുവയ്ക്കും.
ദേദീപ്യ അജിത് ജോണ്‍ (സീനിയര്‍ ഡയറക്ടര്‍-സൗത്ത് ആന്‍ഡ് അഡ്വൈസറി സര്‍വീസസ്, എപാക്, എസ്എച്ച്ആര്‍എം), അരവിന്ദ് വാര്യര്‍ (എച്ച്ആര്‍ ലീഡര്‍-വോള്‍വോ ഇന്ത്യ) പ്രതാപ് ജി (ലീഡര്‍ഷിപ്പ് എക്സ്പീരിയന്‍സ് സ്ഥാപകന്‍) തുടങ്ങിയവര്‍ പ്രസംഗിക്കും
‘വെല്ലുവിളികളെ അതിജീവിക്കാന്‍ മനുഷ്യശേഷി സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുക’ എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ സഫിനിലെ ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസര്‍ സുജ ചാണ്ടി, യുഎസ്ടിയിലെ ടെക്നോളജി ആന്‍ഡ് സര്‍വീസസ് വിഭാഗം മേധാവി വര്‍ഗീസ് ചെറിയാന്‍, ഇന്‍ഫോസിസില്‍ നിന്നുള്ള ലിയോണ്‍സ് എബ്രഹാം എന്നിവര്‍ പങ്കെടുക്കും. ഡിസിഎസ്എംഎടി ഡയറക്ടര്‍ ഡോ. ജയശങ്കര്‍ പ്രസാദ് മോഡറേറ്ററായിരിക്കും.
എല്ലാ മൂന്നാമത്തെ വ്യാഴാഴ്ചയും ടെക്നോപാര്‍ക്കിലെ പാര്‍ക്ക് സെന്‍ററില്‍ സമ്മേളിക്കുന്ന എച്ച്ആര്‍ ഇവോള്‍വ് കൂട്ടായ്മ, എച്ച്ആര്‍ മേഖലയിലെ സാധ്യതകളെയും വെല്ലുവിളികളെയും സംബന്ധിച്ച് വിദഗ്ധരുടെ സംവാദങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. പരസ്പര സഹകരണം, നെറ്റ് വര്‍ക്കിംഗ്, പഠനങ്ങള്‍ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്ന ഈ കൂട്ടായ്മ നൂതന ആശയങ്ങള്‍ പങ്ക് വയ്ക്കുന്നതിനും വേദിയൊരുക്കുന്നു.