ഡൽഹി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വ്യാപാരമേളകളിലൊന്നായ അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിൻ്റെ പവിലിയൻ ശ്രദ്ധ നേടുന്നു. വികസിത് ഭാരത് @2047 തീമിലൊരുക്കിയ ന്യൂ ഡൽഹി ഭാരത് മണ്ഡപത്തിൽ നടക്കുന്ന മേളയിൽ വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാർ വകുപ്പുകൾക്കും പവലിയനുണ്ട്. കൂട്ടത്തിൽ ജനങ്ങളെ ആകർഷിച്ചു ശ്രദ്ധേയമാകുകയാണ് കേരള പവലിയൻ. സംസ്ഥാനത്തിന്റെ വികസനവും പ്രകൃതിഭംഗിയും പ്രദർശിപ്പിക്കുന്നതിനൊപ്പം കേരളം കൈവരിച്ച നേട്ടവും അത് രാജ്യപുരോഗതിയിലുണ്ടാക്കിയ മുന്നേറ്റവുമാണ് പവലിയന്റെ പ്രധാന ആകർഷണം.
ആദ്യദിനങ്ങൾ ബിസിനസ് സന്ദർശകർക്കായിട്ടുള്ളതാണെങ്കിലും സംസ്ഥാനത്തിന്റെ ശുദ്ധമായ സുഗന്ധ വ്യഞ്ജനങ്ങളെക്കുറിച്ചറിയുന്ന തദ്ദേശവാസികളും പ്രവാസിമലയാളികളും വിദേശികളും വൻതോതിലാണ് കേരളത്തിന്റെ സ്റ്റാളിലേക്ക് ഒഴുകി എത്തുന്നത്.
ആദ്യദിനം മുതലുള്ള വിലക്കിഴിവും കേരള പവലിയനിലേക്ക് ആളുകളെ ആകർഷിക്കുന്നു. ഹാൻഡ് വീവിലും, ഹാന്റെക്‌സിലും 20 % കിഴിവ് ലഭ്യമാണ്. കേരളത്തിന്റെ സ്വന്തം വെളിച്ചെണ്ണയും ചക്കപ്പൊടിയും വാട്ടുകപ്പയും മീൻ വിഭവങ്ങളും വാങ്ങാനും രുചിച്ചറിയാനും വൻ തിരക്കാണ് കേരള പവലിയനിലും കേരളത്തിന്റെ ഫുഡ് കോർട്ടിലും. സാഫിന്റെ സ്റ്റാളിൽ ചെമ്മീൻ ഫ്രൈയ്ക്കും അച്ചാർ വിഭവങ്ങൾക്കും വൻ ഡിമാന്റാണ്. വെളിച്ചെണ്ണ, കുരുമുളക്, കശുവണ്ടി, ബനാന ചിപ്‌സ് , ഡ്രൈ ഫിഷ് എന്നിവയ്ക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. കുടുംബശ്രീ സാഫ് എന്നിവരുടെ ഫുഡ് സ്റ്റാളുകളിലും വൻ തിരക്കാണ്.
സാംസ്‌കാരിക വകുപ്പ്, വ്യവസായ വാണിജ്യ വകുപ്പ്, ടൂറിസം വകുപ്പ്, ഹാന്റെക്‌സ്, പഞ്ചായത്ത് വകുപ്പ്, പട്ടികവർഗ്ഗ വികസന വകുപ്പ്, ഔഷധി, ഹാൻവീവ് , ഹാന്റ് ലൂം & ടെക്സ്റ്റയിൽസ്, കോഓപറേറ്റീവ് സൊസൈറ്റി , മാർക്കറ്റ് ഫെഡ്, കുടുംബശ്രീ, പ്ലാന്റേഷൻ ഡയറക്ടറേറ്റ്, ഹാൻന്റി ക്രാഫ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ( കൈരളി), ബാംബു വികസന കോർപ്പറേഷൻ, കയർ വികസന വകുപ്പ് , കേരഫെഡ്, അതിരപ്പള്ളി ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി, കൃഷി വകുപ്പ്, ഫാം ഇൻഫർമേഷൻ ബ്യൂറോ, കേരള ആഗ്രോ സ്റ്റോർ, ഫിഷറീസ്(സാഫ്) മത്സ്യഫെഡ് എന്നിങ്ങനെ 24 സ്റ്റാളുകളാണ് അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരള പവിലിയനിൽ അണിനിരക്കുന്നത്.