തിരുവനന്തപുരം: തിരുവനന്തപുരത്ത് അങ്കണവാടിയില്‍ വച്ച് വീണ് കുഞ്ഞിന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ ജീവനക്കാർക്ക് സസ്പെൻഷൻ. മാറനല്ലൂർ എട്ടാം വാർഡ് അംഗണവാടി അധ്യാപിക ശുഭലക്ഷ്മിയെയും അങ്കണവാടി ഹെൽപ്പർ ലതയെയും ആണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
ജില്ലാ ശിശു വികസന ഓഫീസറാണ് ഉത്തരവ് പുറത്തിറക്കിയത്. സംഭവത്തിൽ ഐസിഡിഎസ് സൂപ്പര്‍വൈസറും സിഡിപിഒയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജീവനക്കാര്‍ ഗുരുതര കൃത്യവിലോപം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
വ്യാഴാഴ്ച 12.30 ഓട് കൂടിയാണ് സംഭവം നടക്കുന്നത്. കഴുത്തിന് പിന്നില്‍ ക്ഷതമേറ്റ പോങ്ങുംമൂട് രതീഷ്- സിന്ധു ദമ്പതികളുടെ മകള്‍ വൈഗ എസ്എറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. വിവരം അങ്കണവാടി ജീവനക്കാര്‍ മറച്ചുവെച്ചുവെന്നാണ് പരാതി. കുട്ടി വീണ കാര്യം അറിയിക്കാന്‍ മറന്നുപോയി എന്നായിരുന്നു അങ്കണവാടി ജീവനക്കാര്‍ വീട്ടുകാര്‍ക്ക് നല്‍കിയ മറുപടി. ഉച്ചയ്ക്ക് നടന്ന സംഭവം കുട്ടിയുടെ നില വഷളായതിനെ തുടർന്ന് വീട്ടുകാർ അറിയുന്നത് രാത്രിയാണ്.
കുട്ടിയുടെ ആരോഗ്യ സ്ഥിതി ഗുരുതരാവസ്ഥയിലാണ്. സുഷുമ്‌ന നാഡിക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്. വൈഗ ഉച്ചയ്ക്ക് ജനലിൽ നിന്ന് വീണിരുന്നുവെന്ന് സഹോദരനാണ് മാതാപിതാക്കളോട് പറയുന്നത്. എന്നാൽ അംഗൻവാടി ജീവനക്കാർ പറയുന്നതകുട്ടി കസേരയിൽ നിന്ന് വീണുവെന്നാണ്. പക്ഷെ കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ പറയുന്നത് ബേബി ചെയറില്‍ നിന്ന് വീണാല്‍ ഇത്രയും വലിയ അപകടമുണ്ടാകില്ലെന്നാണ്.