തിരുവനന്തപുരം : കവിയും ഗാനരചയിതാവും അഭിനേതാവുമായ കുന്നത്തൂർ ജെ. പ്രകാശിനെ മികച്ച അഭിനേതാവിനുള്ള സ്പെഷ്യൽ ജൂറി പുരസ്ക്കാരത്തിനായി തെരഞ്ഞെടുത്തു. ആര്യ ഫിലിം സൊസൈറ്റിയുടെ നരേന്ദ്രപ്രസാദ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിലാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
അനിൽ കാരേറ്റ് രചനയും സംവിധാനവും നിർവ്വഹിച്ച വിൽപത്രം എന്ന ഹ്രസ്വ ചിത്രത്തിലെ ശിവരാമൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് പുരസ്കാരം ലഭിച്ചത്. ജ ക സ മീഡിയ പുറത്തിറക്കിയ ഈ ഹിറ്റ് ചിത്രം യൂടൂബിലൂടെ ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു.
ചിത്രത്തിൻ്റെ ഗാനരചനയും അദ്ദേഹമാണ് നിർവ്വഹിച്ചത്. മികച്ച പ്രഭാഷകൻ കൂടിയായ ഇദ്ദേഹം പട്ടം ഗവ. ഗേൾസ് സ്കൂളിലെ അധ്യാപകനാണ്. ജനാധിപത്യ കലാസാഹിത്യ വേദിയുടെ സംസ്ഥാന ചെയർമാനും കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസ്സോസിയേഷൻ്റെ കൾച്ചറൽ ഫോറം സംസ്ഥാന കോഡിനേറ്ററുമാണ്. ജനുവരി അവസാനം ചെങ്ങന്നൂരിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സ്വീകരിക്കും.